ആഷസിനിടെ നാടകീയ സംഭവങ്ങൾ, പ്രതിഷേധിച്ചവനെ തോളിൽ തൂക്കി ജോണി ബെയർസ്റ്റോ

അഭിറാം മനോഹർ| Last Modified ബുധന്‍, 28 ജൂണ്‍ 2023 (17:08 IST)
ലോര്‍ഡ്‌സില്‍ നടക്കുന്ന ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് മത്സരത്തിനിടെ നാടകീയ സംഭവങ്ങള്‍. മത്സരത്തിനിടെ രണ്ട് ജസ്റ്റ് സ്‌റ്റോപ്പ് ഓയില്‍ പ്രതിഷേധക്കാര്‍ പിച്ചിലേക്ക് അതിക്രമിച്ച് കടന്നതിനെ തുടര്‍ന്ന് മത്സരം മിനിറ്റുകള്‍ നിര്‍ത്തുവെച്ചു. മത്സരത്തിലെ ആദ്യ ഓവറിന് തൊട്ടുപിന്നാലെയാണ് പ്രതിഷേധക്കാര്‍ സുരക്ഷാവലയം ഭേദിച്ച് ഗ്രൗണ്ടിലേക്ക് കടന്നത്.

പ്രതിഷേധക്കാരില്‍ ഒരാളെ മൈതാനത്ത് നിന്ന് മാറ്റാനായി ഇംഗ്ലണ്ട് താരം ജോണി ബെയര്‍സ്‌റ്റോ വേണ്ടിവന്നു. ഓറഞ്ച് നിറം വീശികൊണ്ട് ഗ്രൗണ്ടില്‍ പ്രവേശിച്ച പ്രതിഷേധക്കാരില്‍ ഒരാളെ സെക്ക്യൂരിറ്റി എത്തുന്നതിന് മുന്‍പ് തന്നെ തൂക്കി എടുത്തുകൊണ്ടാണ് ബെയര്‍സ്‌റ്റോ ഗ്രൗണ്ടിന് വെളിയിലേക്ക് കൊണ്ടുപോയത്. നല്ല തുടക്കമാണ് രണ്ടാം ടെസ്റ്റ് മത്സരത്തിന് ലഭിച്ചിരിക്കുന്നതെന്നും ബെയര്‍സ്‌റ്റോ ഇതിനകം തന്നെ ചില ഹെവി ലിഫ്റ്റിംഗ് ചെയ്തുകഴിഞ്ഞതായും സംഭവത്തെ പറ്റി ഇന്ത്യന്‍ സ്പിന്നറായ രവിചന്ദ്ര അശ്വിന്‍ ട്വീറ്റ് ചെയ്തു.

ജസ്റ്റ് സ്‌റ്റോപ്പ് ഓയില്‍ എന്നെഴുതിയ വെള്ള ടീ ഷര്‍ട്ട് ധരിച്ച് രണ്ടു പ്രതിഷേധക്കാരാണ് കളിക്കളത്തിലേക്ക് നുഴഞ്ഞുകയറിയത്. ചെറിയ തടസ്സങ്ങള്‍ ഉണ്ടായെങ്കിലും അധികം വൈകാതെ തന്നെ മത്സരം പുനരാരംഭിച്ചു. വസ്ത്രങ്ങളില്‍ നിറം ആയതിനെ തുടര്‍ന്ന് വസ്ത്രങ്ങള്‍ മാറ്റിയതിന് ശേഷമാണ് ബെയര്‍സ്‌റ്റോ പിന്നീട് ഗ്രൗണ്ടിലേക്ക് വന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :