Mumbai Indians: 'ചാരമാണെന്ന് കരുതി ചികയാന്‍ നില്‍ക്കരുതെന്ന് അപ്പോഴേ പറഞ്ഞില്ലേ'; ട്രോളുകള്‍ക്കെല്ലാം കിടിലന്‍ മറുപടിയുമായി മുംബൈ ഇന്ത്യന്‍സ്

അതിശയകരമായ രീതിയില്‍ മുംബൈ ഒരു ഫീനിക്‌സ് പക്ഷിയെ പോലെ ഉയിര്‍ത്തെഴുന്നേറ്റ കാഴ്ചയാണ് പിന്നീട് കണ്ടത്

രേണുക വേണു| Last Modified വ്യാഴം, 25 മെയ് 2023 (10:46 IST)

Mumbai Indians: 'അടിവാരം ടീം' എന്ന് വിളിച്ചാണ് മുംബൈ ഇന്ത്യന്‍സിനെ ഈ സീസണിലെ ആദ്യ മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ വിരോധികള്‍ വിശേഷിപ്പിച്ചിരുന്നത്. ആദ്യ കളികളിലെ മോശം പ്രകടനം മുംബൈ ആരാധകരെ ഒന്നടങ്കം നിരാശരാക്കിയിരുന്നു. പോയിന്റ് ടേബിളില്‍ ഏറ്റവും അവസാന ടീമുകളില്‍ ഒന്നായി മുംബൈ ഫിനിഷ് ചെയ്യുമെന്നാണ് അന്ന് ആരാധകര്‍ അടക്കം കരുതിയിരുന്നത്. എന്നാല്‍ അതിശയകരമായ രീതിയില്‍ മുംബൈ ഒരു ഫീനിക്‌സ് പക്ഷിയെ പോലെ ഉയിര്‍ത്തെഴുന്നേറ്റ കാഴ്ചയാണ് പിന്നീട് കണ്ടത്.

രോഹിത് ശര്‍മയുടെ മോശം ഫോം, ആദ്യ മത്സരങ്ങളില്‍ സൂര്യകുമാര്‍ യാദവിന്റെ ദയനീയ പ്രകടനം, ജോഫ്ര ആര്‍ച്ചറുടെ ഫോം ഔട്ട്, ജസ്പ്രീത് ബുംറയുടെ അഭാവം...തുടങ്ങി നിരവധി ഘടകങ്ങളാണ് മുംബൈ ഇന്ത്യന്‍സിനെ പിന്നോട്ട് വലിച്ചത്. എന്നാല്‍ പ്രതിസന്ധികളെയെല്ലാം തരണം ചെയ്ത് ഇപ്പോള്‍ മുംബൈ ഇന്ത്യന്‍സ് ഫൈനലിന് തൊട്ടരികെ എത്തിയിരിക്കുകയാണ്. എലിമിനേറ്ററില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ 81 റണ്‍സിന് തോല്‍പ്പിച്ചാണ് മുംബൈ രണ്ടാം ക്വാളിഫയറില്‍ എത്തിയിരിക്കുന്നത്.

ഈ സീസണില്‍ ആദ്യ ഏഴ് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ പോയിന്റ് ടേബിളില്‍ ഒന്‍പതാം സ്ഥാനത്തായിരുന്നു മുംബൈ. ഏഴ് കളികളില്‍ നിന്ന് മൂന്ന് ജയവും നാല് തോല്‍വിയും. അവിടെ നിന്നാണ് 14 കളികളില്‍ എട്ട് ജയവും ആറ് തോല്‍വിയുമായി 16 പോയിന്റോടെ നാലാം സ്ഥാനക്കാരായി പ്ലേ ഓഫില്‍ എത്തിയത്. അവസാന ഏഴ് കളികളില്‍ അഞ്ചിലും ജയിക്കാന്‍ മുംബൈ ഇന്ത്യന്‍സിന് സാധിച്ചു. മുംബൈയുടെ ഈ തിരിച്ചുവരവ് വിമര്‍ശകരെ പോലും ഞെട്ടിക്കുന്നതായിരുന്നു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :