രേണുക വേണു|
Last Modified വ്യാഴം, 25 മെയ് 2023 (09:43 IST)
Akash Madhwal: ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെ എലിമിനേറ്ററില്‍ 81 റണ്‍സിന് തോല്‍പ്പിച്ച് മുംബൈ ഇന്ത്യന്‍സ് ഐപിഎല്‍ ഫൈനലിലേക്ക് ഒരുപടി കൂടി അടുത്തിരിക്കുകയാണ്. 29 കാരനായ ആകാശ് മദ്വാളിന്റെ കിടിലന്‍ പ്രകടനമാണ് മുംബൈക്ക് അനായാസ വിജയം സമ്മാനിച്ചത്. 3.3 ഓവറില്‍ വെറും അഞ്ച് റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റുകള്‍ മദ്വാള്‍ വീഴ്ത്തി. ജസ്പ്രീത് ബുംറയുടെ അസാന്നിധ്യത്തിലും ഈ സീസണില്‍ മുംബൈ ഇന്ത്യന്‍സിന്റെ ബൗളിങ് യൂണിറ്റിന് നെടുംതൂണ്‍ ആയത് മദ്വാള്‍ ആണ്. ടെന്നീസ് ബോള്‍ ക്രിക്കറ്റ് മാത്രം കളിച്ചുനടന്നിരുന്ന പയ്യന്‍ ചുരുങ്ങിയ കാലംകൊണ്ടാണ് ഐപിഎല്ലിലെ ഏറ്റവും മികച്ച ഫ്രാഞ്ചൈസിയുടെ കുന്തമുനയായത്.
ഉത്തരാഖണ്ഡ് സ്വദേശിയാണ് മദ്വാള്‍. എഞ്ചിനീയറിങ് പഠനം പൂര്‍ത്തിയാക്കിയെങ്കിലും കുട്ടിക്കാലം മുതല്‍ മനസ്സില്‍ കൊണ്ടുനടന്ന ക്രിക്കറ്റ് ഉപേക്ഷിക്കാന്‍ മദ്വാള്‍ തയ്യാറായില്ല. ക്രിക്കറ്റിന് വേണ്ടി എഞ്ചിനീയറിങ് ജോലി പോലും മദ്വാള്‍ വേണ്ടെന്നുവച്ചു. ടെന്നീസ് ബോള്‍ ക്രിക്കറ്റില്‍ മാത്രം പരിശീലനം നടത്തുകയായിരുന്നു മദ്വാള്‍. റെഡ് ബോള്‍ ക്രിക്കറ്റില്‍ അവസരം ലഭിക്കുന്നത് പിന്നെയും വര്‍ഷങ്ങള്‍ കഴിഞ്ഞാണ്.
2019 ല്‍ ഉത്തരാഖണ്ഡ് ക്രിക്കറ്റ് കോച്ച് വസീം ജാഫറുടെ ശ്രദ്ധയില്‍പ്പെട്ടതിനു ശേഷമാണ് മദ്വാളിന്റെ കരിയറില്‍ നിര്‍ണായക മാറ്റങ്ങള്‍ ഉണ്ടായി തുടങ്ങിയത്. പിന്നീട് റെഡ് ബോള്‍ പരിശീലനം ആരംഭിച്ചു. 2022 ല്‍ സൂര്യകുമാര്‍ യാദവിന് പരുക്ക് പറ്റിയപ്പോള്‍ പകരക്കാരനായി മദ്വാള്‍ മുംബൈ ഇന്ത്യന്‍സിലെത്തി. അതിനു മുന്‍പ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ നെറ്റ് ബൗളര്‍ ആയിരുന്നു മദ്വാള്‍. താരത്തിന്റെ കഴിവ് തിരിച്ചറിയാനോ ആവശ്യമായ പിന്തുണ നല്‍കാനോ അന്ന് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഫ്രാഞ്ചൈസിക്ക് സാധിച്ചില്ല.
2021 ലാണ് മദ്‌വാള്‍ ആര്‍സിബിയുടെ നെറ്റ് ബൗളറായി എത്തുന്നത്. വിരാട് കോലി, എബി ഡിവില്ലിയേഴ്‌സ് തുടങ്ങിയ സൂപ്പര്‍താരങ്ങള്‍ക്കെതിരെ നെറ്റ്‌സില്‍ പന്തെറിഞ്ഞു. എന്നാല്‍ ഒരു മത്സരത്തില്‍ പോലും മദ്‌വാള്‍ ആര്‍സിബിക്ക് വേണ്ടി കളിച്ചിട്ടില്ല. 2022 ല്‍ ആര്‍സിബി മദ്‌വാളിനെ റിലീസ് ചെയ്തു. അങ്ങനെയാണ് സൂര്യകുമാറിന് പകരക്കാരനായി 2022 സീസണില്‍ മദ്‌വാള്‍ എത്തിയത്.