അഭിറാം മനോഹർ|
Last Modified വെള്ളി, 22 നവംബര്‍ 2024 (15:05 IST)
ഓസ്‌ട്രേലിയക്കെതിരായ പെര്‍ത്ത് ടെസ്റ്റില്‍ മത്സരത്തിന്റെ കടിഞ്ഞാണ് കയ്യില്‍ പിടിച്ച് ഇന്ത്യ. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യന്‍ ഇന്നിങ്ങ്‌സ് 150 റണ്‍സില്‍ അവസാനിച്ചെങ്കിലും നായകന്‍ കൂടിയായ ജസ്പ്രീത് ബുമ്ര ബൗളിംഗ് നിരയെ മുന്നില്‍ നിന്നും നയിച്ചപ്പോള്‍ വലിയ തകര്‍ച്ചയാണ് ഓസീസ് ബാറ്റിംഗ് നിര ഏറ്റുവാങ്ങിയത്. തുടക്കത്തില്‍ തന്നെ ഓപ്പണര്‍ മക്‌സ്വീനി, ഉസ്മാന്‍ ഖവാജ സ്റ്റീവ് സ്മിത്ത് എന്നിവരെ മടക്കിയ ബുമ്ര ഓസ്‌ട്രേലിയയെ സമ്മര്‍ദ്ദത്തിലാക്കി.
ഇന്ത്യയ്‌ക്കെതിരെ എല്ലാ സുപ്രധാനമായ മത്സരങ്ങളിലും തിളങ്ങുന്ന ട്രാവിസ് ഹെഡിനെ ഹര്‍ഷിത് റാണ മടക്കിയതോടെ ഇന്ത്യ മത്സരം സ്വന്തമാക്കിയെങ്കിലും ഒരറ്റത്ത് മാര്‍നസ് ലബുഷെയ്ന്‍ ഓസീസ് കോട്ട കാത്തു. ബുമ്രയുടെയും സിറാജിന്റെയും ഹര്‍ഷിത് റാണയുടെയും ബൗളിംഗ് ആക്രമണത്തെ പ്രതിരോധിച്ച് ഓസ്‌ട്രേലിയ രണ്ടാം ദിവസവും ബാറ്റിംഗ് തുടരുന്നുവെന്ന് ഉറപ്പാക്കാന്‍ ശ്രമിച്ചുള്ള ഇന്നിങ്ങ്‌സായിരുന്നു മാര്‍നസ് ലബുഷെയ്‌നിന്റേത്. 52 പന്തില്‍ നിന്നും വെറും 2 റണ്‍സ് മാത്രമാണ് നേടിയതെങ്കിലും ലബുഷെയ്‌നിന്റെ സാന്നിധ്യം മത്സരത്തിലുടനീളം ഇന്ത്യയ്ക്ക് ഭീഷണിയായിരുന്നു. മുഹമ്മദ് സിറാജിനാണ് ലബുഷെയ്‌നിന്റെ വിക്കറ്റ്. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ഓസീസ് 23 ഓവറില്‍ 6 വിക്കറ്റിന് 48 റണ്‍സെന്ന നിലയിലാണ്.