അഭിറാം മനോഹർ|
Last Modified ചൊവ്വ, 13 ഫെബ്രുവരി 2024 (18:44 IST)
ഇംഗ്ലണ്ടിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ പരിക്കേറ്റ മധ്യനിര ബാറ്റര്‍ കെ എല്‍ രാഹുലിന് പരിക്ക് മൂലം മൂന്നാം ടെസ്റ്റ് മത്സരവും നഷ്ടമാകും. കെ എല്‍ രാഹുലിന്റെ അഭാവത്തില്‍ രഞ്ജി സീസണില്‍ മികച്ച ഫോമില്‍ കളിക്കുന്ന കര്‍ണാടകയുടെ മലയാളി ബാറ്റര്‍ ദേവ്ദത്തിന് ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ അവസരമൊരുങ്ങുന്നു. രാഹുലിന്റെ പരിക്ക് ഭേദമാകാത്ത സാഹചര്യത്തിലാണ് യുവതാരത്തിന് ഇന്ത്യന്‍ ടീമില്‍ വിളിയെത്തിയത്.
പരിക്ക് മൂലം കെ എല്‍ രാഹുല്‍ രണ്ടാം ടെസ്റ്റില്‍ കളിച്ചിരുന്നില്ലെങ്കിലും പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങള്‍ക്കായി പ്രഖ്യാപിച്ച ടീമില്‍ രാഹുല്‍ ഇടം നേടിയിരുന്നു. എന്നാല്‍ കാല്‍മുട്ടിനേറ്റ പരിക്ക് വീണ്ടും വില്ലനായി. ഈ സാഹചര്യത്തിലാണ് നിലവിലെ രഞ്ജി സീസണില്‍ 3 സെഞ്ചുറികളുമായി തിളങ്ങിയ ദേവ്ദത്തിന് ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തിയത്. ഇംഗ്ലണ്ട് ലയണ്‍സിനെതിരെ നടന്ന് അനൗദ്യോഗിക മത്സരത്തിലും ദേവ്ദത്ത് സെഞ്ചുറി നേടിയിരുന്നു. 31 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്നും 6 സെഞ്ചുറികളും 12 അര്‍ധസെഞ്ചുറികളും ദേവ്ദത്തിന്റെ അക്കൗണ്ടിലുണ്ട്.