ഏഷ്യാകപ്പിന് മുൻപ് രാഹുലിന് കട്ട പണി, യോ- യോ ടെസ്റ്റ് പാസായില്ലെങ്കിൽ ടീമിൽ സ്ഥാനം ലഭിച്ചേക്കില്ല

അഭിറാം മനോഹർ| Last Modified ഞായര്‍, 27 ഓഗസ്റ്റ് 2023 (15:44 IST)
ഏഷ്യാകപ്പിനൊരുങ്ങുന്ന കെ എല്‍ രാഹുലിന് എട്ടിന്റെ പണി. ഏഷ്യാകപ്പിന് മുന്‍പായി സ്‌ക്വാഡിലുള്ള എല്ലാവരും തന്നെ യോ-യോ ടെസ്റ്റ് നടത്തണമെന്നാണ് ബിസിസിഐയുടെ പുതിയ നിലപാട്. കഴിഞ്ഞ ദിവസം പരിശീലനത്തിനിടെ വീണ്ടും പരിക്കേറ്റ കെ എല്‍ രാഹുലിനാകും പുതിയ തീരുമാനം തിരിച്ചടിയാവുക. ഏഷ്യാകപ്പ് സ്‌ക്വാഡിലുള്ള അഞ്ച് ഇന്ത്യന്‍ താരങ്ങള്‍ക്കും സ്റ്റാന്‍ഡ് ബൈ താരമായ സഞ്ജു സാംസണും ഇതുവരെ യോ- യോ ടെസ്റ്റ് നടത്തിയിട്ടില്ല. കഴിഞ്ഞ ദിവസം ഈ വാര്‍ത്ത പുറത്തുവന്നത് ക്രിക്കറ്റ് ലോകത്ത് വലിയ ചര്‍ച്ചയായിരുന്നു. കുറച്ചുകളിക്കാര്‍ക്ക് മാത്രം ബിസിസിഐ പ്രിവില്ലേജ് നല്‍കുന്നുവെന്ന ആരോപണമാണ് ഇതേ തുടര്‍ന്ന് ആരാധകര്‍ ഉന്നയിക്കുന്നത്.

ഇതോടെ യോ യോ ടെസ്റ്റില്‍ പങ്കെടുക്കാത്ത താരങ്ങളെ കൂടി പങ്കെടുപ്പിക്കാനുള്ള തീരുമാനത്തില്‍ എത്തിയിരിക്കുകയാണ് ബിസിസിഐ എന്നാണ് റിപ്പോര്‍ട്ടുകള്‍. യോ- യോ ടെസ്റ്റില്‍ പരാജയപ്പെടൂന്ന താരങ്ങളെ ഏഷ്യാകപ്പ് ടീമില്‍ നിന്നും ഒഴിവാക്കാനും തത്വത്തില്‍ ധാരണയായി. പരിക്കില്‍ നിന്നും മോചിതരായി തിരിച്ചെത്തിയ ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍ എന്നിവര്‍ക്കാകും പുതിയ തീരുമാനം തിരിച്ചടിയാവുക. അയര്‍ലന്‍ഡ് പര്യടനത്തിന് ശേഷം വൈകി ക്യാമ്പിലെത്തിയ ജസ്പ്രീത് ബുമ്ര, സഞ്ജു സാംസണ്‍,തിലക് വര്‍മ,പ്രസിദ്ദ് കൃഷ്ണ എന്നീ താരങ്ങളുടെ യോ-യോ ടെസ്റ്റും നടക്കാനുണ്ട്. ഏഷ്യാകപ്പിനായി ശ്രീലങ്കയിലേക്ക് വിമാനം കയറും മുന്‍പ് ഈ നാല് താരങ്ങള്‍ക്കും യോ - യോ ടെസ്റ്റ് നടത്തുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :