Asia cup Squad:അയ്യർ പൂർണ്ണമായും ഫിറ്റാണ്, തിലക് വർമ ലോകകപ്പ് ടീമിലെത്തുമോ എന്നത് ഏഷ്യാകപ്പിലെ പ്രകടനം കണക്കിലെടുത്ത് : അഗാർക്കർ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 21 ഓഗസ്റ്റ് 2023 (14:54 IST)
ഏഷ്യാകപ്പിനുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചപ്പോള്‍ കെ എല്‍ രാഹുലും ശ്രേയസ് അയ്യരും ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്. ലോകകപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തില്‍ ഇരു താരങ്ങളുടെയും മടങ്ങിവരവ് ഇന്ത്യയെ സഹായിക്കുമെങ്കിലും പരിക്കില്‍ നിന്നും മോചിതരായി തിരിച്ചെത്തുന്ന ഇവര്‍ക്ക് എത്രവേഗം തങ്ങളുടെ പഴയ ഫോമിലേക്ക് മടങ്ങിയെത്താന്‍ സാധിക്കും എന്നത് അനുസരിച്ചായിരിക്കും ഇന്ത്യയുടെ ലോകകപ്പ് സ്‌ക്വാഡിനെ തീരുമാനിക്കുന്നത്.

ശ്രേയസ് അയ്യര്‍ പരിക്കില്‍ നിന്നും പൂര്‍ണ്ണമോചിതനാണെന്നും കെ എല്‍ രാഹുല്‍ ഫിറ്റായി തിരികെയെത്തുക ആദ്യ 2 മത്സരങ്ങള്‍ കഴിഞ്ഞായിരിക്കുമെന്ന സൂചനയാണ് ചീഫ് സെലക്ടറായ അജിത് അഗാര്‍ക്കര്‍ വ്യക്തമാക്കി. അതേസമയം യുവതാരം തിലക് വര്‍മയെ നിലവില്‍ ലോകകപ്പിലേക്ക് പരിഗണിക്കുമോ എന്നത് താരത്തിന്റെ ഏഷ്യാകപ്പിലെ പ്രകടനമനുസരിച്ചാണ് ഇരിക്കുന്നതെന്നും അഗാര്‍ക്കര്‍ വ്യക്തമാക്കി. കെ എല്‍ രാഹുല്‍,ശ്രേയസ് അയ്യര്‍ എന്നിവര്‍ക്ക് പുറമെ ടീമിലെ പേസര്‍മാരായ പ്രസിദ്ധ് കൃഷ്ണ, ജസ്പ്രീത് ബുമ്ര എന്നിവരും പരിക്കില്‍ നിന്നും മടങ്ങിയെത്തിയവരാണ്. അതിനാല്‍ തന്നെ ഏഷ്യാകപ്പിലെ ആദ്യ മത്സരങ്ങളിലെ ഇവരുടെ പ്രകടനങ്ങള്‍ കൂടി കണക്കിലെടുത്താകും ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിക്കുക. കെ എല്‍ രാഹുലും ശ്രേയസ് അയ്യരും ടീമിലെത്തിയതൊടെ സഞ്ജു സാംസണ്‍ ടീമില്‍ ഇടം നേടാനുള്ള സാധ്യത വിരളമാണ്. റിസര്‍വ് താരമായി തന്നെയാകും ലോകകപ്പ് സ്‌ക്വാഡില്‍ സഞ്ജു ഇടം പിടിക്കുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :