രാഹുലും അയ്യരും മടങ്ങിയെത്തി, സഞ്ജുവിന്റെ ലോകകപ്പ് സ്വപ്നങ്ങളുടെ വാതിലടഞ്ഞോ?

അഭിറാം മനോഹർ| Last Updated: തിങ്കള്‍, 21 ഓഗസ്റ്റ് 2023 (14:13 IST)
ഏഷ്യാകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ശ്രേയസ് അയ്യരും കെ എല്‍ രാഹുലും മടങ്ങിയെത്തിയതോടെ ലോകകപ്പ് ടീമില്‍ ഇടം നേടാമെന്ന മലയാളി താരം സഞ്ജു സാംസണിന്റെ പ്രതീക്ഷകള്‍ക്ക് അറുതിയായി. നിലയില്‍ ഏഷ്യാകപ്പില്‍ റിസര്‍വ് താരമായാണ് സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. യുവതാരമായ തിലക് വര്‍മയെ ടീമില്‍ ഉള്‍പ്പെടുത്തിയപ്പോളാണ് ഏകദിനത്തില്‍ മികച്ച റെക്കോര്‍ഡുള്ള സഞ്ജു ടീമിന് പുറത്തായത്. ഏകദിനത്തില്‍ മോശം പ്രകടനങ്ങള്‍ സ്ഥിരമായി നടത്തിയ താരമാണെങ്കിലും സൂര്യകുമാര്‍ യാദവ് ഇന്ത്യയുടെ ഏഷ്യാകപ്പ് ടീമില്‍ ഇടം നേടിയിട്ടുണ്ട്.

വിരാട് കോലി,ശുഭ്മാന്‍ ഗില്‍,രോഹിത് ശര്‍മ എന്നിവരടങ്ങുന്ന മുന്‍നിരയില്‍ സഞ്ജുവിന് സ്ഥാനം ഉണ്ടായിരുന്നില്ല. ഏകദിനത്തില്‍ മധ്യനിരയില്‍ കെ എല്‍ രാഹുലും ശ്രേയസ് അയ്യരും പരിക്ക് മൂലം വിശ്രമത്തിലായ ഒഴിവിലാണ് സഞ്ജു ടീമില്‍ ഭാഗമായിരുന്നത്. എന്നാല്‍ ഇരു താരങ്ങളും തിരിച്ചെത്തിയതോടെ മധ്യനിരയിലെ താരത്തിന്റെ സ്ഥാനം നഷ്ടപ്പെടുമെന്ന് ഉറപ്പായി. സഞ്ജു റിസര്‍വ് താരമായാണ് ടീമിലുള്ളത് എന്നതിനാല്‍ തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് എന്നിവരെയാകും ഇന്ത്യ മധ്യനിരയില്‍ പരീക്ഷിക്കുക. കെ എല്‍ രാഹുല്‍ ടീമിന്റെ പ്രധാന കീപ്പര്‍ താരമായി മാറുകയാണെങ്കില്‍ ഇഷാന്‍ കിഷനെയാകും ടീം ബാക്കപ്പ് കീപ്പറായി പരിഗണിക്കുക.

ലോകകപ്പിന് മുന്‍പ് നടക്കുന്ന ഏഷ്യാകപ്പിലെ ഇതേ ഇലവനെ തന്നെയായിരിക്കും ലോകകപ്പിലും ഇന്ത്യ അണിനിരത്തുക എന്നതാണ് സൂചന. അതേസമയം പരിക്കില്‍ നിന്നും മടങ്ങിയെത്തുന്ന ജസ്പ്രീത് ബുമ്ര, പ്രസിദ്ധ് കൃഷ്ണ, കെ എല്‍ രാഹുല്‍,ശ്രേയസ് അയ്യര്‍ എന്നിവര്‍ക്ക് എത്രകണ്ട് തിളങ്ങാനാകും എന്ന കാര്യത്തില്‍ സംശയമുണ്ട്. ഏഷ്യാകപ്പിലെ ഇവരുടെ പ്രകടനങ്ങള്‍ കൂടി കണക്കിലെടുത്ത് മാത്രമെ അതിനാല്‍ ലോകകപ്പിലെ ഇന്ത്യന്‍ സാധ്യതകള്‍ പ്രവചിക്കാന്‍ കഴിയുകയുള്ളു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :