2021ൽ റൺമല തീർത്ത് ജോ റൂട്ട്, പിന്നിലാക്കിയത് സച്ചിനെയും ഗവാസ്‌കറിനെയും

അഭിറാം മനോഹർ| Last Modified ശനി, 18 ഡിസം‌ബര്‍ 2021 (19:47 IST)
ഓസ്ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിലെ അർധസെഞ്ചുറി പ്രകടനത്തോടെ ചരിത്രനേട്ടം സ്വന്തമാക്കി ഇംഗ്ലണ്ട് നായകൻ ജോ റൂട്ട്. ഒരു കലണ്ടർ വർഷം ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ ഇന്ത്യന്‍ ഇതിഹാസങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കറെയും സുനിൽ ഗവാസ്‌ക്കറിനെയും ഓസീസ് മുന്‍താരം മൈക്കല്‍ ക്ലാര്‍ക്കിനേയും മറികടന്ന് റൂട്ട് നാലാം സ്ഥാനത്തെത്തി.


ഗാവസ്‌‌കര്‍ 1979ല്‍ നേടിയ 1555 റണ്‍സും സച്ചിന്‍ 2010ല്‍ കുറിച്ച 1562 റണ്‍സുമാണ് റൂട്ട് പിന്നിലാക്കിയത്. 2012ല്‍ 1595 റണ്‍സ് ഓസീസ് മുന്‍താരം മൈക്കല്‍ ക്ലാര്‍ക്കിനേയും റൂട്ട് മറികടന്നു. അതേസമയം
ഒരു കലണ്ടര്‍ വര്‍ഷം കൂടുതല്‍ ടെസ്റ്റ് റണ്‍സ് നേടുന്ന ഇംഗ്ലീഷ് താരമെന്ന റെക്കോര്‍ഡ് ജോ റൂട്ട് സ്വന്തമാക്കി. 2002ല്‍ മൈക്കല്‍ വോണ്‍ നേടിയ 1487 റണ്‍സാണ് താരം പഴങ്കഥയാക്കിയത്.

പാകിസ്ഥാന്‍ മുന്‍ താരം മുഹമ്മദ് യൂസഫിന്‍റെ പേരിലാണ് ടെസ്റ്റില്‍ കലണ്ടര്‍ വര്‍ഷം കൂടുതല്‍ റണ്‍സ് നേടിയതിന്‍റെ റെക്കോര്‍ഡ്. 2006ല്‍ 11 മത്സരങ്ങളില്‍ 1788 റണ്‍സ് യൂസഫ് അടിച്ചുകൂട്ടിയിരുന്നു. 1719 റൺസുമായി വിവിയൻ റിച്ചാർഡ്‌സും 1656 റൺസുമായി ദക്ഷിണാഫ്രിക്കയുടെ ഗ്രയിം സ്മിത്തുമാണ് പട്ടികയിൽ രണ്ടും മൂന്നും സ്ഥാനത്ത്. ഡിസംബർ 26ന് മെൽബൺ ടെസ്റ്റ് കൂടെ നടക്കാനുള്ളതിനാൽ 3 ഇന്നിങ്സുകൾ കൂടിയാണ് റെക്കോർഡ് നേട്ടം സ്വന്തമാക്കാൻ റൂട്ടിന്റെ പക്കലുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :