അഭിറാം മനോഹർ|
Last Modified വെള്ളി, 17 ഡിസംബര്‍ 2021 (20:07 IST)
ആഷസ് രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെയുള്ള സെഞ്ചുറി പ്രകടനത്തോടെ ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ കൂടുതല്‍ സെഞ്ച്വറികളെന്ന ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടിന്റെ റെക്കോര്‍ഡിനൊപ്പമെത്തി ഓസീസ് താരം മാർനസ് ലബുഷെയ്‌ൻ.
ലോക ചാംപ്യന്‍ഷിപ്പില്‍ തന്റെ ആറാമത്തെ ടെസ്റ്റ് സെഞ്ച്വറിയാണ് ലബ്യുഷെയ്ന്‍ കുറിച്ചത്. ഇംഗ്ലണ്ടിന്റെ ജോ റൂട്ടിനും ആറ് സെഞ്ചുറികളാണ് ചാമ്പ്യൻഷിപ്പിലുള്ളത്. അഞ്ചു സെഞ്ചുറികളോടെ ശ്രീലങ്കന്‍ ഓപ്പണര്‍ ദിമുത് കരുണരത്‌നെയും ഇന്ത്യൻ ഓപ്പണിങ് താരം രോഹിത് ശർമയുമാണ് തൊട്ടുപിന്നിലുള്ളത്.
ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റ രണ്ടാം സീസണാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. ഈ സീസണിലെ ആദ്യ സെഞ്ച്വറിയാണ് ലബ്യുഷെയ്ന്‍ കഴിഞ്ഞ ദിവസം നേടിയത്. ആദ്യ സീസണില്‍ 5 സെഞ്ചുറികൾ താരം നേടിയിരുന്നു. അതേസമയം ഈ സീസണിലെ ലോക ചാംപ്യന്‍ഷിപ്പില്‍ റണ്‍വേട്ടയില്‍ ആറ് ടെസ്റ്റുകളിൽ നിന്നും 3 സെഞ്ചുറിയും 2 ഫിഫ്‌റ്റികളുമടക്കം 653 റൺസുമായി ജോ റൂട്ടാണ് ഒന്നാമത്. നാലു ടെസ്റ്റുകളില്‍ നിന്നും 368 റണ്‍സുമായി ഇന്ത്യയുടെ രോഹിത് ശർമയാണ് രണ്ടാം സ്ഥാനത്ത്.