വെറും റൂട്ടല്ല, ഇംഗ്ലണ്ടിന്റെ അടിവേര്, റെക്കോർഡുക‌ൾ തകർത്തെറിഞ്ഞ് ഇംഗ്ലണ്ട് നായകൻ

അഭിറാം മനോഹർ| Last Modified ഞായര്‍, 15 ഓഗസ്റ്റ് 2021 (09:20 IST)
ലോകക്രിക്കറ്റിലെ ഫാബുലസ് ഫോർ എന്നറിയപ്പെടുന്ന കളിക്കാരനാണ് ഇംഗ്ലണ്ട് നായകൻ ജോ റൂട്ട്. സ്റ്റീവ് സ്മിത്തും,കെയ്‌ൻ വില്യംസണും,ഇന്ത്യൻ നായകൻ വിരാട് കോലിയും കഴിഞ്ഞ ഏതാനും വർഷങ്ങളായി മൈതാനത്ത് റൺ മലകൾ തീർത്തപ്പോൾ തന്റെ പേരിനൊത്ത പ്രകടനങ്ങൾ നടത്താൻ ജോ റൂട്ടിനായിരുന്നില്ല. ഒരു ഘട്ടത്തിൽ ഫാബുലസ് ഫോറിൽ റൂട്ടിനെ ഉൾപ്പെടുത്തരുതെന്ന് വരെ ആരാധകരിൽ നിന്നും ആവശ്യം ഉയർന്നിരുന്നു.

എന്നാൽ ഇപ്പോഴിതാ ഫാബുലസ് ഫോറിലെ തന്റെ കൂട്ടുകാർ തളർന്നപ്പോൾ നേട്ടങ്ങൾ ചിറകുവിരിച്ചു തന്റെ കീഴിലാക്കുകയാണ് ഇംഗ്ലണ്ട് നായകൻ. ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റിലും സെഞ്ചുറി നേടിയതോടെ ഒരു കലണ്ടർ വർഷം കൂടുതല്‍ ടെസ്റ്റ് ശതകങ്ങള്‍ നേടുന്ന ഇംഗ്ലണ്ട് നായകനെന്ന നേട്ടമാണ് റൂട്ട് സ്വന്തമാക്കിയത്. 2021ലെ റൂട്ടിന്‍റെ അഞ്ചാം മൂന്നക്കമാണ് ഇന്ന് പിറന്നത്. 1990ല്‍ ഗ്രഹാം ഗൂച്ചും 1994ല്‍ മൈക്കല്‍ അതേർട്ടനും 2009ല്‍ ആന്‍ഡ്രൂ സ്ട്രോസും നാല് വീതം സെഞ്ചുറികള്‍ നേടിയതായിരുന്നു മുന്‍ റെക്കോർഡ്.

തുടർച്ചയായ രണ്ടാം ഇന്നിങ്‌സിലാണ് റൂട്ട് സെഞ്ചുറി നേടിയിരിക്കുന്നത്. ട്രെന്‍ഡ് ബ്രിഡ്‍ജില്‍ നടന്ന ആദ്യ ടെസ്റ്റിന്‍റെ രണ്ടാം ഇന്നിംഗ്സില്‍ റൂട്ട് 109 റണ്‍സ് നേടിയിരുന്നു. ഇന്നലത്തേത് റൂട്ടിന്റെ കരിയറിലെ 22ആം സെഞ്ചുറിയാണ്.

അതേസമയം ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ചുറികള്‍ നേടിയ താരങ്ങളില്‍ മൂന്നാം സ്ഥാനത്തെത്താനും ലോർഡ്സ് ഇന്നിംഗ്സിലൂടെ ജോ റൂട്ടിനായി. 33 ശതകങ്ങളുമായി അലിസ്റ്റർ കുക്കും 23 എണ്ണവുമായി കെവിന്‍ പീറ്റേഴ്സണുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍.ഇതിനിടെ ടെസ്റ്റ് ക്രിക്കറ്റിൽ 9000 റൺസ് എന്ന നാഴികകല്ലും ഇന്ത്യക്കെതിരെ മാത്രം 2000 റൺസ് എന്നീ നേട്ടങ്ങളും ഇന്നലെ നടന്ന മത്സരത്തിൽ റൂട്ട് മറികടന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :