അഭിറാം മനോഹർ|
Last Modified ചൊവ്വ, 28 ഏപ്രില്‍ 2020 (10:09 IST)
ക്രിക്കറ്റ് കരിയറിന്റെ തുടക്കക്കാലത്ത് തനിക്ക് ഒരിയ്‌ക്കലും ഇന്ത്യൻ ടീമിനായി കളിക്കാൻ സാധിക്കില്ലെന്ന് പലരും പറഞ്ഞിരുന്നതായി ഇന്ത്യൻ സ്റ്റാർ പേസർ ജസ്‌പ്രീത് ബുമ്ര.മുൻ ഇന്ത്യൻ താരം യുവ്‌രാജ് സിംഗുമായി നടത്തിയ ഇൻസ്റ്റഗ്രാം ലൈവിലാണ് ബുമ്ര മനസ്സുതുറന്നത്.
തനിക്ക് അധികകാലം കളിക്കാൻ സാധിക്കില്ലെന്ന് പലരും പറഞ്ഞിട്ടുണ്ട്. ഇന്ത്യയ്‌ക്കായി അവസാനം കളിക്കാൻ പോകുന്നത് ഞാനായിരിക്കും എന്നാണ് അവർ പറയാറുള്ളത്.ഞാൻ രഞ്ജി ട്രോഫിയിൽ മാത്രമായി ഒതുങ്ങിപോകുമെന്നും പലരും പറഞ്ഞു. എന്നാൽ ഒരിക്കൽ പോലും എന്റെ ബൗളിംഗ് ആക്ഷൻ മാറ്റാൻ ഞാൻ തയ്യാറായില്ല. ഇതേ ആക്ഷൻ ഉപയോഗിച്ച് ഞാൻ എന്റെ കഴിവിന് മൂർച്ചകൂട്ടിക്കൊണ്ടിരുന്നു- ബുമ്ര പറഞ്ഞു.
അതേസമയം ഐ.പി.എല്ലിലെ മികവ് കാരണമാണ് താന്‍ ഇന്ത്യന്‍ ടീമിലെത്തിയതെന്ന വാദങ്ങള്‍ ബുമ്ര തള്ളികളഞ്ഞു. ഐപിഎല്ലിലെ പ്രകടനത്തിന് ശേഷം ആഭ്യന്തരക്രിക്കറ്റിലും താൻ മികച്ച പ്രകടനം കാഴ്‌ച്ചവെച്ചെന്നും അതിനെ തുടർന്നാണ് ഇന്ത്യൻ ടീമിലെത്തിയതെന്നും ബുമ്ര പറഞ്ഞു.