രേണുക വേണു|
Last Modified തിങ്കള്‍, 22 നവംബര്‍ 2021 (08:41 IST)
ട്വന്റി 20 ക്രിക്കറ്റില്‍ വമ്പന്‍ പരീക്ഷണങ്ങള്‍ക്കൊരുങ്ങി ഇന്ത്യന്‍ ടീം. ന്യൂസിലന്‍ഡിനെതിരായ പരമ്പരയ്ക്ക് പിന്നാലെയാണ് ടീമില്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിനെ കുറിച്ച് മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡും നായകന്‍ രോഹിത് ശര്‍മയും ആലോചിക്കുന്നത്. ഓപ്പണിങ് കൂട്ടുകെട്ടില്‍ ഇടത്-വലത് കോംബിനേഷന്‍ നടപ്പിലാക്കാന്‍ ആലോചനയുണ്ട്. കെ.എല്‍.രാഹുലിനെ മധ്യനിരയിലേക്ക് ഇറക്കി രോഹിത് ശര്‍മയ്‌ക്കൊപ്പം ഇഷാന്‍ കിഷനെ ഓപ്പണറാക്കുന്നതാണ് പരിഗണനയില്‍. ന്യൂസിലന്‍ഡിനെതിരായ മൂന്നാം ട്വന്റി 20 യില്‍ രോഹിത്തിനൊപ്പം ഇഷാന്‍ കിഷനാണ് ഓപ്പണ്‍ ചെയ്തത്. മധ്യനിരയില്‍ നേരത്തെ ബാറ്റ് ചെയ്തുള്ള പരിചയം കെ.എല്‍.രാഹുലിനുമുണ്ട്. ഓപ്പണര്‍ സ്ഥാനം വിട്ടുകൊടുക്കാന്‍ രാഹുല്‍ തയ്യാറാകുമോ എന്നതാണ് മറ്റൊരു ചോദ്യം.
ആറാം ബൗളര്‍ എന്ന ഓപ്ഷനിലേക്ക് വെങ്കടേഷ് അയ്യരെ സ്ഥിരമാക്കാനും രാഹുല്‍ ദ്രാവിഡ് തീരുമാനിച്ചിട്ടുണ്ട്. ഇതോടെ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് പുറത്തിരിക്കേണ്ടിവരും. ഫിനിഷര്‍ എന്ന റോളിലും വെങ്കടേഷ് അയ്യര്‍ മികവ് പുലര്‍ത്തുന്നുണ്ട്. ആര്‍.അശ്വിന്‍, യുസ്വേന്ദ്ര ചഹല്‍ എന്നിവര്‍ സ്പിന്‍ ഓപ്ഷനായി തുടരും.