ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീം പ്രഖ്യാപനം ഇന്ന്, എല്ലാ കണ്ണുകളും രോഹിത്തിലേക്ക്

അഭിറാം മനോഹർ| Last Modified വ്യാഴം, 30 നവം‌ബര്‍ 2023 (14:10 IST)
അടുത്തമാസം നടക്കുന്ന ദക്ഷിണാഫ്രിക്കക്കെതിരെ നടക്കാനിരിക്കുന്ന ടി20,ഏകദിന,ടെസ്റ്റ് പരമ്പരകള്‍ക്കായുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഇന്ന് പ്രഖ്യാപിക്കും. ക്യാപ്റ്റന്‍ രോഹിത് ശര്‍മ ടീമിലെത്തുമോ എന്നതാണ് ക്രിക്കറ്റ് ആരാധകര്‍ ഉറ്റുനോക്കുന്നത്. 2022ലെ ടി20 ലോകകപ്പിലെ തോല്‍വിക്ക് ശേഷം ടി20യില്‍ രോഹിത് കളിച്ചിട്ടില്ല. എന്നാല്‍ 2024ലെ ടി20 ലോകകപ്പില്‍ രോഹിത്തിനെ നായകനാക്കാന്‍ ബിസിസിഐയ്ക്ക് താത്പര്യമുണ്ട്. എന്നാല്‍ ടി20 ക്രിക്കറ്റിലേക്ക് തിരിച്ചെത്തുമോ എന്ന കാര്യത്തില്‍ രോഹിത് ഇതുവരെ വ്യക്തമായ മറുപടി നല്‍കിയിട്ടില്ല.

അതേസമയം ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ലിമിറ്റഡ് ഓവര്‍ ഫോര്‍മാറ്റുകളിലേക്ക് തന്നെ പരിഗണിക്കേണ്ടതില്ലെന്ന് ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോലി വ്യക്തമാക്കി. ടെസ്റ്റ് മത്സരങ്ങളില്‍ മാത്രമാകും പരമ്പരയില്‍ കോലി കളിക്കുക. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ രോഹിത് വിട്ടുനില്‍ക്കുകയാണെങ്കില്‍ കെ എല്‍ രാഹുലായിരിക്കും ടി20 ടീമിനെ നയിക്കുക. ബാറ്റിംഗില്‍ ശുഭ്മാന്‍ ഗില്‍ വരുന്നതോടെ റുതുരാജ് ഗെയ്ക്ക്വാദായിരിക്കും ടീമിന് പുറത്താകുക. ബൗളിംഗ് നിരയില്‍ ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ് എന്നിവര്‍ തിരിച്ചെത്തുന്നതോടെ പ്രസിദ്ധ് കൃഷ്ണ പുറത്താകും. വിജയ് ഹസാരെ ട്രോഫിയില്‍ ദയനീയ പ്രകടനം നടത്തുന്ന മലയാളി താരം സഞ്ജു സാംസണിന് ഇക്കുറിയും അവസരം ലഭിച്ചേക്കില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :