വിജയ് ഹസാരെയിലും സൂപ്പർ ഫ്ളോപ്പ്, ഈ ദയനീയമായ പ്രകടനം കൊണ്ടാണോ സഞ്ജു ഇന്ത്യൻ ടീമിൽ കയറുന്നത്?

അഭിറാം മനോഹർ| Last Modified ബുധന്‍, 29 നവം‌ബര്‍ 2023 (16:43 IST)
ഐപിഎല്ലില്‍ ദീര്‍ഘകാലമായി കളിക്കുന്ന താരമാണെങ്കിലും ഇന്ത്യന്‍ ടീമില്‍ ഇതുവരെ തന്റെ സ്ഥാനം സുരക്ഷിതമാക്കാന്‍ മലയാളി താരമായ സഞ്ജു സാംസണിന് സാധിച്ചിട്ടില്ല. ഏകദിന ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് വേണ്ടി മികച്ച റെക്കോര്‍ഡുണ്ടെങ്കിലും ടി20 ക്രിക്കറ്റില്‍ സഞ്ജുവിന് ഇതുവരെ മികവ് പുലര്‍ത്താനായിട്ടില്ല. ഏഷ്യാകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ റിസര്‍വ് താരമായിട്ടുണ്ടായിരുന്നെങ്കിലും പിന്നീടൊരിക്കലും ഇന്ത്യന്‍ ടീമില്‍ ഇടം പിടിക്കാന്‍ സഞ്ജുവിന് സാധിച്ചിട്ടില്ല.

സഞ്ജുവിനെ ബിസിസിഐ അവഗണിക്കുന്നുവെന്ന വാദം ശക്തമാണെങ്കിലും ബിസിസിഐ തീരുമാനത്തില്‍ തെറ്റില്ലെന്ന് സ്ഥാപിക്കുന്ന പ്രകടനങ്ങളാണ് അടുത്തിടെ നടന്ന എല്ലാ മത്സരങ്ങളിലെയും സഞ്ജുവിന്റെ പ്രകടനങ്ങള്‍ പറയുന്നത്. ഇന്ത്യന്‍ ടീമില്‍ ഇടമില്ലാത്തതിനാല്‍ ആഭ്യന്തര ക്രിക്കറ്റ് ലീഗില്‍ കളിക്കുന്ന സഞ്ജു സയ്ദ് മുഷ്താഖ് അലി ട്രോഫിക്ക് പിന്നാലെ നടക്കുന്ന വിജയ് ഹസാരെ ട്രോഫിയിലും ദയനീയമായ പ്രകടനമാണ് നടത്തുന്നത്.

വിജയ് ഹസാരെ ട്രോഫിയില്‍ കഴിഞ്ഞ നാല് ഇന്നിങ്ങ്‌സില്‍ നിന്നും 25.25 ശരാശരിയില്‍ 101 റണ്‍സ് മാത്രമാണ് സഞ്ജു നേടിയത്. മുംബൈയ്‌ക്കെതിരെ നേടിയ 55 റണ്‍സാണ് ഇതില്‍ എടുത്തുപറയാവുന്ന ഏക പ്രകടനം. ഇന്ന് ത്രിപുരക്കെതിരെ നടന്ന മത്സരത്തില്‍ വെറും ഒരു റണ്‍സ് മാത്രമായിരുന്നു കേരളത്തിന്റെ നായകന്റെ സമ്പാദ്യം. വിജയ് ഹസാരെ ട്രോഫിയിലും മോശം പ്രകടനമായ സാഹചര്യത്തില്‍ സഞ്ജുവിന്റെ ഫോമില്‍ ബിസിസിഐയ്ക്ക് സംശയങ്ങളുണ്ട്. അതിനാല്‍ തന്നെ ഐപിഎല്ലാകും സഞ്ജുവിന്റെ തിരിച്ചുവരവ് സാധ്യമാക്കുക. ഐപിഎല്ലിലും മോശം പ്രകടനം തുടര്‍ന്നാണ് സഞ്ജുവിന് കാര്യങ്ങള്‍ കഠിനമാകുമെന്ന് ഉറപ്പാണ്



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :