അവന്റെ മുന്നില്‍ ഞങ്ങളുടെ എല്ലാ പദ്ധതികളും പൊട്ടിപൊളിഞ്ഞു, കുറ്റസമ്മതവുമായി സൂര്യകുമാര്‍

അഭിറാം മനോഹർ| Last Modified ബുധന്‍, 29 നവം‌ബര്‍ 2023 (13:48 IST)
ഓസ്‌ട്രേലിയക്കെതിരായ മൂന്നാം മത്സരത്തില്‍ വമ്പന്‍ സ്‌കോര്‍ ഉയര്‍ത്തിയിട്ടും പരാജയപ്പെട്ട് ടീം ഇന്ത്യ. മത്സരത്തില്‍ ഓസീസ് ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്‍ നടത്തിയ ഗംഭീര പ്രകടനമാണ് ഇന്ത്യയുടെ കയ്യിലിരുന്ന മത്സരം തോല്‍വിയിലെത്താന്‍ കാരണമായത്. ഇക്കാര്യം തുറന്ന് സമ്മതിച്ചിരിക്കുകയാണ് ഇന്ത്യന്‍ നായകനായ സൂര്യകുമാര്‍ യാദവ്. ടീം മികച്ച രീതിയില്‍ കളിച്ചെങ്കിലും മാക്‌സ്വെല്ലിനെതിരെ എല്ലാ പദ്ധതികളും പാളിയതായി സൂര്യ സമ്മതിച്ചു.

ഗ്ലെന്‍ മാക്‌സ്വെല്ലിനെ എത്രയും വേഗം പുറത്താക്കാനായിരുന്നു ടീം ലക്ഷ്യമിട്ടത്. മാക്‌സിയെ എത്രയും വേഗം പുറത്താക്കണമെന്ന് സഹതാരങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ അവിശ്വസനീയമായ രീതിയിലാണ് മാക്‌സ്വെല്‍ കളിച്ചത്. വിക്കറ്റുകള്‍ കയ്യിലിരിക്കുന്നിടത്തോളം ഓസീസ് വലിയ വെല്ലുവിളിയാണെന്ന് നമ്മള്‍ തിരുവനന്തപുരത്ത് കണ്ടതാണ്.ഡ്യൂ ഫാക്ടറില്‍ പരിചയമുള്ള ബൗളര്‍ എന്ന നിലയിലാണ് പത്തൊമ്പതാം ഓവര്‍ അക്ഷര്‍ പട്ടേലിന് നല്‍കിയത്. എന്നാല്‍ എല്ലാ പദ്ധതികളും മാക്‌സ്വെല്‍ തകിടം മറിച്ചു. റുതുരാജ് കാഴ്ചവെച്ചത് ഗംഭീര ഇന്നിങ്ങ്‌സായിരുന്നുവെന്നും ഇന്ത്യന്‍ താരങ്ങളുടെ പ്രകടനത്തില്‍ അഭിമാനമുണ്ടെന്നും സൂര്യകുമാര്‍ പറഞ്ഞു.

മത്സരത്തില്‍ ഉയര്‍ത്തിയ 223 എന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസ് അഞ്ച് വിക്കറ്റിന്റെ വിജയമാണ് നേടിയത്. 48 പന്തില്‍ 104 റണ്‍സുമായി പുറത്താവാതെ നിന്ന ഗ്ലെന്‍ മാക്‌സ്വെല്ലാണ് ഓസ്‌ട്രേലിയയുടെ വിജയശില്പി. നായകന്‍ മാത്യു വെയ്ഡ് 16 പന്തില്‍ 28 റണ്‍സുമായി തിളങ്ങി. അവസാന രണ്ടോവറില്‍ 45 റണ്‍സാണ് ഓസ്‌ട്രേലിയ അടിച്ചുകൂട്ടിയത്. ഇതോടെ അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ 2-1 എന്ന നിലയില്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ ഓസീസിനായി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :