ആ 30 റൺസ് മാക്സ്വെൽ കൊടുത്തത് സെഞ്ചുറി നേടാനാണെന്ന് തോന്നുന്നു

അഭിറാം മനോഹർ| Last Modified ബുധന്‍, 29 നവം‌ബര്‍ 2023 (15:06 IST)
ഓസ്‌ട്രേലിയക്കെതിരായ മൂന്നാം മത്സരത്തില്‍ തോല്‍വി ഏറ്റുവാങ്ങിയതിന്റെ നിരാശയിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍, റുതുരാജ് ഗെയ്ക്ക്വാദിന്റെ സെഞ്ചുറികരുത്തില്‍ 222 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ സ്വന്തമാക്കാനായിട്ടും മത്സരത്തില്‍ ഇന്ത്യ പരാജയപ്പെടുകയായിരുന്നു. 48 പന്തില്‍ 104 റണ്‍സുമായി പുറത്താകാതെ നിന്ന ഓള്‍ റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വല്ലാണ് ഇന്ത്യയ്ക്ക് മത്സരത്തില്‍ വിജയം നിഷേധിച്ചത്.

നേരത്തെ ഇന്ത്യ ബാറ്റ് ചെയ്യുമ്പോള്‍ കെയ്ല്‍ റിച്ചാര്‍ഡ്‌സണിന് പരിക്കേറ്റതിനെ തുടര്‍ന്ന് അവസാന ഓവര്‍ ബൗള്‍ ചെയ്ത മാക്‌സ്വെല്‍ 30 റണ്‍സായിരുന്നു ആ ഓവറില്‍ വിട്ടുനല്‍കിയത്. എന്നാല്‍ ഓസ്‌ട്രേലിയയെ ഒറ്റയ്ക്ക് തോളിലേറ്റിയ സെഞ്ചുറി പ്രകടനത്തോടെ ഇതിന് മാക്‌സ്വെല്‍ പ്രായശ്ചിത്തം ചെയ്യുകയും മത്സരത്തില്‍ സെഞ്ചുറി നേട്ടം സ്വന്തമാക്കുകയും ചെയ്തു. മാക്‌സ്വെല്‍ അവസാന ഓവറില്‍ വിട്ടുനല്‍കിയ 30 റണ്‍സില്ലായിരുന്നുവെങ്കില്‍ മത്സരത്തില്‍ സെഞ്ചുറി നേടുവാന്‍ മാക്‌സ്വെല്ലിന് ആകുമായിരുന്നില്ലെന്നാണ് മത്സരശേഷം ഓസീസ് നായകനായ മാത്യു വെയ്ഡ് അഭിപ്രായപ്പെട്ടത്. ടി20 ഫോര്‍മാറ്റില്‍ മാക്‌സ്വെല്‍ നേടുന്ന നാലാമത്തെ സെഞ്ചുറിയാണിത്. ഇതോടെ ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറിയടിച്ച താരങ്ങളില്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം ഇടം നേടാന്‍ മാക്‌സ്വെല്ലിനായി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :