മൂന്നാം ഏകദിനത്തിൽ 96 റൺസ് വിജയം, വിൻഡീസിനെതിരായ പരമ്പര തൂത്തുവാരി ഇന്ത്യ

അഭിറാം മനോഹർ| Last Modified വെള്ളി, 11 ഫെബ്രുവരി 2022 (21:22 IST)
വെസ്റ്റിൻഡീസിനെതിരായ മൂന്നാം ഏകദിനത്തിൽ 96 റൺസിന്റെ വമ്പൻ വിജയം സ്വന്തമാക്കി ഇന്ത്യ. ഇതോടെ 3 മത്സരങ്ങളടങ്ങിയ പരമ്പര തൂത്തുവാരി.266 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസിനെ ഇന്ത്യന്‍ ബൗളര്‍മാര്‍ 37.1 ഓവറില്‍ 169 റണ്‍സിന് എറിഞ്ഞിടുകയായിരുന്നു.

ഇതോടെ മുഴുവൻ സമയ നായക‌നായുള്ള ആദ്യ പരമ്പരയിൽ തന്നെ സമ്പൂർണ്ണ വിജയം സ്വന്തമാക്കാൻ രോഹിത് ശർമയ്ക്കായി.266 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന വിന്‍ഡീസിന് ഒരു ഘട്ടത്തില്‍ പോലും വിജയ പ്രതീക്ഷയുണര്‍ത്താന്‍ സാധിച്ചില്ല. വാലറ്റത്ത് 18 പന്തില്‍ നിന്ന് മൂന്ന് സിക്‌സും 3 ഫോറുമടക്കം 36 റൺസെടുത്ത ഒഡീൻ സ്മിത്താണ് വിൻഡീസ് നിരയിലെ ടോപ് സ്കോറർ.

ക്യാപ്റ്റന്‍ നിക്കോളാസ് പുരന്‍ 39 പന്തില്‍ നിന്ന് 34 റണ്‍സെടുത്തു.ഇന്ത്യയ്ക്കായി മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ദീപക് ചാഹര്‍, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം നേരത്തെ ആദ്യം ബാറ്റിങിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കം തന്നെ 3 വിക്കറ്റുകൾ നഷ്ടമായെങ്കിലും നാലാം വിക്കറ്റില്‍ ഒന്നിച്ച ശ്രേയസ് അയ്യര്‍ - ഋഷഭ് പന്ത് കൂട്ടുകെട്ട് തകർച്ചയിൽ നിന്ന് രക്ഷിക്കുകയായിരുന്നു.

അര്‍ധ സെഞ്ചുറി നേടിയ ഇരുവരും ചേര്‍ന്ന് 110 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 111 പന്തില്‍ നിന്ന് ഒമ്പത് ഫോറടക്കം 80 റണ്‍സെടുത്ത ശ്രേയസ് അയ്യരാണ് ഇ‌ന്ത്യയുടെ ടോപ് സ്കോറർ.പന്ത് 54 പന്തില്‍ നിന്ന് ഒരു സിക്‌സും ആറ് ഫോറുമടക്കം 56 റണ്‍സെടുത്ത് പുറത്തായി.വാലറ്റത്ത് 38 പന്തില്‍ നിന്ന് രണ്ടു സിക്സും നാല് ഫോറുമടക്കം 38 റണ്‍സെടുത്ത ദീപക് ചാഹറും 34 പന്തില്‍ നിന്ന് 33 റണ്‍സെടുത്ത വാഷിങ്ടണ്‍ സുന്ദറും ചേര്‍ന്നാണ് ഇന്ത്യൻ സ്കോർ 250 കടത്തിയത്.

വിന്‍ഡീസിനായി ജേസണ്‍ ഹോള്‍ഡര്‍ മൂന്നും അല്‍സാരി ജോസഫ്, ഹെയ്ഡന്‍ വാല്‍ഷ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :