India vs Sri Lanka, 1st Test: ജയിക്കാനുറച്ച് ഇന്ത്യ; ആതിഥേയർ 178 റൺസിന് പിന്നിൽ, ഇന്ന് നിർണായകം
ആതിഥേയരുടെ ഒന്നാം ഇന്നിങ്‌സ് 284 ൽ അവസാനിച്ചു
India vs Sri Lanka
India vs Sri Lanka, 1st Test: ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റിൽ ജയിക്കാനുറച്ച് ഇന്ത്യ. ഒന്നാം ഇന്നിങ്‌സിലെ 178 റൺസ് ലീഡുമായി ഇന്ത്യ രണ്ടാം ഇന്നിങ്‌സിൽ ബാറ്റിങ്ങിന് ഇറങ്ങും. നാലാം ദിനമായ ഇന്ന് രണ്ട് സെഷൻ പൂർണമായി ബാറ്റ് ചെയ്ത ശേഷം മൂന്നാം സെഷനിൽ ശ്രീലങ്കയെ ബാറ്റിങ്ങിന് അയക്കുകയായിരിക്കും ഇന്ത്യയുടെ ലക്ഷ്യം.
ശ്രീലങ്ക ഒന്നാം ഇന്നിങ്‌സ്
ആതിഥേയരുടെ ഒന്നാം ഇന്നിങ്‌സ് 284 ൽ അവസാനിച്ചു. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 462 ൽ നിന്ന് 178 റൺസ് അകലെ ! സോണാൽ ദിനുഷയുടെ കന്നി സെഞ്ചുറി കരുത്തിലാണ് ശ്രീലങ്ക നാണക്കേട് ഒഴിവാക്കിയത്. 168 പന്തിൽ 100 റൺസെടുത്താണ് ദിനുഷ പുറത്തായത്. നിരോഷൻ ഡിക്ക് വെല്ല 115 പന്തിൽ 80 റൺസുമായി ദിനുഷയ്ക്ക് പിന്തുണ നൽകി. ആറാം വിക്കറ്റിൽ ഇരുവരും ചേർന്ന് 146 റൺസ് കൂട്ടിച്ചേർത്തു.
മാനവ് സുതാർ തിളങ്ങി
ഇന്ത്യക്കായി മാനവ് സുതാർ നാല് വിക്കറ്റുമായി മികച്ച പ്രകടനം നടത്തി. രവീന്ദ്ര ജഡേജയ്ക്ക് മൂന്ന് വിക്കറ്റ്. കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവർ ഓരോ വിക്കറ്റ് സ്വന്തമാക്കി.
ഇന്ന് നിർണായകം
ആദ്യ രണ്ട് ദിവസം ബാറ്റിങ്ങിനു അനുകൂലമായ പിച്ച് മൂന്നാം ദിനം മുതൽ ബൗളർമാർക്കു കൂടുതൽ സഹായകരമായി. മഴ കൂടി പെയ്തതോടെ നാലാം ദിനമായ ഇന്ന് സ്പിന്നർമാർക്ക് കളി വരുതിയിലാക്കാൻ എളുപ്പമാണ്. രണ്ടാം ഇന്നിങ്‌സിൽ 300 റൺസ് ആയിരിക്കും ഇന്ത്യയുടെ ലക്ഷ്യം. അങ്ങനെ വന്നാൽ 450+ സ്‌കോർ വിജയലക്ഷ്യം നൽകി ശ്രീലങ്കയെ രണ്ടാം ഇന്നിങ്‌സിൽ ബാറ്റിങ്ങിന് അയക്കാം.
ഇന്ത്യ ഒന്നാം ഇന്നിങ്‌സ്
ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് 462 ന് അവസാനിച്ചു. ദേവ്ദത്ത് പടിക്കലിന്റെ സെഞ്ചുറിയും കെ.എൽ.രാഹുൽ, ധ്രുവ് ജുറൽ എന്നിവരുടെ അർധ സെഞ്ചുറികളുമാണ് ഇന്ത്യക്ക് മികച്ച സ്‌കോർ സമ്മാനിച്ചത്. 230 പന്തിൽ 15 ഫോറും ഒരു സിക്‌സും സഹിതം 167 റൺസ് നേടിയ പടിക്കൽ ടോപ് സ്‌കോററായി. കെ.എൽ.രാഹുൽ 175 പന്തുകളിൽ നിന്ന് 10 ഫോറും ഒരു സിക്‌സും സഹിതം 82 റൺസെടുത്തു. ധ്രുവ് ജുറൽ 68 പന്തിൽ 51 റൺസുമായി തിളങ്ങി. Also Read: 'ദേശീയഗാനം പാടുമ്പോൾ പ്രധാനമന്ത്രി നടക്കുന്നു'; ഇതാണോ രാജ്യസ്‌നേഹമെന്ന് വിമർശനം, എന്താണ് യാഥാർഥ്യം?