അഭിറാം മനോഹർ|
Last Modified വ്യാഴം, 22 ജനുവരി 2026 (13:11 IST)
ഇന്ത്യ-ന്യൂസിലാന്‍ഡ് ടി20 പരമ്പരയിലെ അഞ്ചാം മത്സരത്തിനായുള്ള ടിക്കറ്റ് വില്‍പ്പന ജനുവരി 21 മുതല്‍ ആരംഭിച്ചു. ജനുവരി 31ന് തിരുവനന്തപുരത്തെ ഗ്രീന്‍ഫീല്‍ഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. 2026 ടി20 ലോകകപ്പിന് മുന്‍പുള്ള ഇന്ത്യയുടെ അവസാന ഹോം ടി20 മത്സരം എന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ട്.
ടിക്കറ്റ് വില്‍പ്പന വൈകിയതിനെ തുടര്‍ന്ന് ആരാധകര്‍ക്കിടയില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും, ഇന്നലെ വൈകുന്നേരം ഏഴ് മണി മുതല്‍ ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിക്കാന്‍ സാധിച്ചിരുന്നു. നടന്‍ പൃഥിരാജ് സുകുമാരനാണ് ടിക്കറ്റ് പ്രകാശന ചടങ്ങ് നിര്‍വഹിച്ചത്. കായിക മന്ത്രി അബ്ദുറഹ്‌മാനും ചടങ്ങില്‍ ഭാഗമായി.
Paytm Insider, BookMyShow തുടങ്ങിയ പ്രമുഖ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് ടിക്കറ്റുകള്‍ ലഭ്യമാകുന്നത്. സാധാരണ ഗാലറി സീറ്റുകളില്‍ നിന്ന് വിഐപി, ഗ്രാന്‍ഡ്സ്റ്റാന്‍ഡ് വിഭാഗങ്ങള്‍ വരെയുള്ള വിവിധ ടിക്കറ്റ് ഓപ്ഷനുകള്‍ ആരാധകര്‍ക്കായി ഒരുക്കിയിട്ടുണ്ട്. 500 രൂപ മുതല്‍ 2000 രൂപവരെയാണ് ടിക്കറ്റ് നിരക്കുകള്‍. സഞ്ജു സാംസണ്‍ ആദ്യമായി ഹോം ഗ്രൗണ്ടില്‍ കളിക്കുന്ന മത്സരമെന്ന നിലയില്‍ ഗ്രീന്‍ഫീല്‍ഡില്‍ നടക്കുന്ന മത്സരം കാണാന്‍ കാണികള്‍ ഉയരുമെന്നത് ഉറപ്പാണ്. ലോകകപ്പിന് മുന്‍പായുള്ള ഇന്ത്യയുടെ അവസാന ടി20 മത്സരമെന്നതും മത്സരത്തിന്റെ പ്രാധാന്യം ഉയര്‍ത്തുന്നുണ്ട്.
2023ലാണ് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഇതിന് മുന്‍പ് ഇന്ത്യന്‍ പുരുഷ ടീമിന്റെ മത്സരം നടന്നത്.