സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 20 ജനുവരി 2026 (17:31 IST)
തിരുവനന്തപുരം: നഗരത്തിലെ ഫ്‌ലെക്‌സ് ഹോര്‍ഡിംഗുകള്‍ നീക്കം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പുരോഗമിക്കുന്നു. നഗരത്തില്‍ സ്ഥാപിച്ചിട്ടുള്ളതും മാസങ്ങളായി നിലനില്‍ക്കുന്നതുമായ ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ ഉടന്‍ നീക്കം ചെയ്യണമെന്ന് മേയര്‍ വി.വി. രാജേഷ് നിര്‍ദ്ദേശിച്ചു. നഗരത്തിലെ ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ മാറ്റുന്നതിനായി കോര്‍പ്പറേഷന്‍ കരാര്‍ നല്‍കിയ ഏജന്‍സിയായ ടാക്കോയിലെ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തിയാണ് നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്. ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ സമയബന്ധിതമായി മാറ്റേണ്ട ഉത്തരവാദിത്തത്തില്‍ നിന്ന് ഏജന്‍സി ഒഴിഞ്ഞുമാറരുതെന്ന് മേയര്‍ പ്രഖ്യാപിച്ചു.
പദ്ധതിയുടെ ഭാഗമായി, കോര്‍പ്പറേഷന്‍ ഓഫീസ്, സെക്രട്ടേറിയറ്റ് പരിസരം എന്നിവയുള്‍പ്പെടെ നഗരത്തിലെ എല്ലാ പ്രധാന സ്ഥലങ്ങളില്‍ നിന്നും ഫ്‌ലെക്‌സ് ബോര്‍ഡുകള്‍, ബാനറുകള്‍, ഹോര്‍ഡിംഗുകള്‍ എന്നിവ നീക്കം ചെയ്തു. ഫ്‌ലെക്‌സ് നീക്കം ചെയ്യല്‍ ഡ്രൈവില്‍ കോര്‍പ്പറേഷന്‍ ജീവനക്കാരും പങ്കെടുത്തു. നഗരത്തിലെ അനധികൃത ഫ്‌ലെക്‌സുകള്‍ ഉടനടി നീക്കം ചെയ്യണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശമുണ്ട്.
നഗരത്തിലെ പരിപാടികളിലെ ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനാണ് കോര്‍പ്പറേഷന്റെ നീക്കം. ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നവരില്‍ ഭൂരിഭാഗവും രാഷ്ട്രീയ പാര്‍ട്ടിക്കാരായതിനാല്‍, സര്‍വകക്ഷി പ്രതിനിധികളുടെ യോഗത്തിന് ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ യഥാസമയം മാറ്റാത്ത ഏജന്‍സികള്‍ക്ക് പിഴ ചുമത്തല്‍, ലൈസന്‍സ് റദ്ദാക്കല്‍ എന്നിവയുള്‍പ്പെടെയുള്ള നടപടികളും കോര്‍പ്പറേഷന്‍ പരിഗണിക്കുന്നുണ്ട്.