അയര്‍ലന്‍ഡിനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ; വെടിക്കെട്ടുമായി ദീപക് ഹൂഡ

രേണുക വേണു| Last Modified തിങ്കള്‍, 27 ജൂണ്‍ 2022 (08:31 IST)

മഴമൂലം 12 ഓവറായി ചുരുക്കിയ അയര്‍ലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ മിന്നും വിജയം. ആദ്യം ബാറ്റ് ചെയ്ത അയര്‍ലന്‍ഡ് നിശ്ചിത 12 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 108 റണ്‍സ് നേടിയപ്പോള്‍ ഇന്ത്യ വെറും 9.3 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയത്തിലെത്തി.

തുടക്കം മുതല്‍ വെടിക്കെട്ട് ബാറ്റിങ് പ്രകടനമാണ് ഇന്ത്യന്‍ താരങ്ങള്‍ നടത്തിയത്. ഇഷാന്‍ കിഷനൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത് ദീപക് ഹൂഡ. വെറും 11 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്‌സുമായി 26 റണ്‍സെടുത്ത് ഇഷാന്‍ കിഷന്‍ പുറത്തായി. മറുവശത്ത് ദീപക് ഹൂഡ കിടിലന്‍ ഇന്നിങ്‌സ് പടുത്തുയര്‍ത്തുകയായിരുന്നു. 29 പന്തില്‍ ആറ് ഫോറും രണ്ട് സിക്‌സും സഹിതം 47 റണ്‍സുമായി ഹൂഡ പുറത്താകാതെ നിന്നു. നായകന്‍ ഹാര്‍ദിക് പാണ്ഡ്യ 12 പന്തില്‍ ഒരു ഫോറും മൂന്ന് സിക്‌സും സഹിതം 24 റണ്‍സ് നേടി. സൂര്യകുമാര്‍ യാദവ് നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായത് ഇന്ത്യയെ നിരാശപ്പെടുത്തി.

നേരത്തെ ഹാരി ടെക്ടറിന്റെ അര്‍ധ സെഞ്ചുറിയാണ് അയര്‍ലന്‍ഡിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. ടെക്ടര്‍ 33 പന്തില്‍ ആറ് ഫോറും മൂന്ന് സിക്‌സും സഹിതം 64 റണ്‍സുമായി പുറത്താകാതെ നിന്നു. ഇന്ത്യക്ക് വേണ്ടി ഭുവനേശ്വര്‍ കുമാര്‍, ഹാര്‍ദിക് പാണ്ഡ്യ, ആവേശ് ഖാന്‍, യുസ്വേന്ദ്ര ചഹല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :