14 മത്സരങ്ങളിൽ ഒരു അർധസെഞ്ചുറി പോലുമില്ല, രോഹിത്തിൻ്റെ മോശം ഫോമിൽ വിമർശനവുമായി കപിൽ ദേവ്

അഭിറാം മനോഹർ| Last Modified വെള്ളി, 24 ജൂണ്‍ 2022 (18:30 IST)
ഇന്ത്യയുടെ ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായി കരുതപ്പെടുന്ന ബാറ്റ്സ്മാനാണ് രോഹിത് ശർമ. ഇത് ശരിവെയ്കുന്ന നിരവധി പ്രകടനങ്ങൾ ഏകദിനത്തിലും ടി20യിലും താരം നടത്തിയിട്ടുണ്ട്. എന്നാൽ ഇക്കഴിഞ്ഞ ഐപിഎല്ലിലടക്കം ദയനീയമായ പ്രകടനമായിരുന്നു രോഹിത് നടത്തിയത്. ആരാധകരും മുൻ താരങ്ങളും ഫോമില്ലായ്മയിൽ കോലിയെ വിമർശിക്കുമ്പോൾ രോഹിത് അതിൽ നിന്നും രക്ഷപ്പെട്ട് പോവുകയാണ് പതിവ്.

ഇപ്പോഴിതാ രോഹിതിൻ്റെ മോശം ഫോമിനെ വിമർശിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ നായകൻ കപിൽദേവ്. രോഹിത് അസാമാന്യമായ മികവുള്ള കളിക്കാരനാണ് എന്നതിൽ യാതൊരു സംശയവുമില്ല. എന്നാൽ
തുടര്‍ച്ചയായി 14 മത്സരങ്ങളില്‍ ഒരു അര്‍ധസെഞ്ചുറി പോലും ഇല്ലെങ്കില്‍ നിങ്ങള്‍ ബ്രാഡ്മാനോ, സോബേഴ്സോ, സച്ചിനോ ഗവാസ്കറോ ആരുമാകട്ടെ, ചോദ്യങ്ങള്‍ ഉയരുക സ്വാഭാവികമാണ്. അതിന് ഉത്തരം നൽകാൻ രോഹിത്തിന് മാത്രമെ കഴിയു.

ഒരുപാട് മത്സരങ്ങൾ കളിക്കുന്നതാണോ അതോ ക്രിക്കറ്റ് ആസ്വദിക്കാൻ പറ്റാത്തതാണോ പ്രശ്നമെന്ന് രോഹിത് തന്നെയാണ് പറയേണ്ടത് കപിൽ ദേവ് പറഞ്ഞു. ഇതേ ഫോമിൽ തുടരുകയാണെങ്കിൽ കോലിക്കും രോഹിത്തിനും വിമർശകരുടെ വായടപ്പിക്കാൻ ബുദ്ധിമുട്ടാകും. കൂടുതൽ മത്സരങ്ങൾ കളിച്ച് ഇരുവരും ഉടനെ ഫോമിലേക്ക് തിരിച്ചെത്തണമെന്നും കപിൽ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :