India vs Ireland 2nd T20 Match: അയര്‍ലന്‍ഡിനെതിരായ ട്വന്റി 20 പരമ്പര ഇന്ത്യക്ക്, തിളങ്ങി യുവനിര

അയര്‍ലന്‍ഡിന് വേണ്ടി ഓപ്പണര്‍ ആന്‍ഡ്രൂ ബാല്‍ബിര്‍ണി (51 പന്തില്‍ 72) പൊരുതി നോക്കിയെങ്കിലും വിജയത്തിലെത്തിക്കാന്‍ സാധിച്ചില്ല

രേണുക വേണു| Last Modified തിങ്കള്‍, 21 ഓഗസ്റ്റ് 2023 (09:46 IST)

India vs Ireland 2nd T20 Match: അയര്‍ലന്‍ഡിനെതിരായ രണ്ടാം ട്വന്റി 20 മത്സരത്തിലും ഇന്ത്യക്ക് ജയം. 33 റണ്‍സിനാണ് ഇന്ത്യ ആതിഥേയരെ തകര്‍ത്തത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-0 ത്തിനു മുന്നിലെത്തി. ഡബ്ലിനില്‍ നടന്ന രണ്ടാം ട്വന്റി 20 യില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സ് നേടിയപ്പോള്‍ അയര്‍ലന്‍ഡിന് നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സ് നേടാനെ സാധിച്ചുള്ളൂ.

അയര്‍ലന്‍ഡിന് വേണ്ടി ഓപ്പണര്‍ ആന്‍ഡ്രൂ ബാല്‍ബിര്‍ണി (51 പന്തില്‍ 72) പൊരുതി നോക്കിയെങ്കിലും വിജയത്തിലെത്തിക്കാന്‍ സാധിച്ചില്ല. മാര്‍ക്ക് അദയര്‍ (15 പന്തില്‍ 23), കര്‍ട്ടിസ് കാംപര്‍ (17 പന്തില്‍ 18) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. ഇന്ത്യക്കായി ജസ്പ്രീത് ബുംറ, പ്രസിത് കൃഷ്ണ, രവി ബിഷ്‌ണോയ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. അര്‍ഷ്ദീപ് സിങ് ഒരു വിക്കറ്റ് സ്വന്തമാക്കി.

ഋതുരാജ് ഗെയ്ക്വാദിന്റെ അര്‍ധ സെഞ്ചുറിയും (43 പന്തില്‍ 58), സഞ്ജു സാംസണ്‍ (26 പന്തില്‍ 40), റിങ്കു സിങ് (21 പന്തില്‍ 38) എന്നിവരുടെ വെടിക്കെട്ട് പ്രകടനങ്ങളുമാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ശിവം ദുബെ 16 പന്തില്‍ 22 റണ്‍സുമായി പുറത്താകാതെ നിന്നു. തിലക് വര്‍മ (ഒന്ന്) വീണ്ടും നിരാശപ്പെടുത്തി. യഷസ്വി ജയ്‌സ്വാള്‍ 11 പന്തില്‍ 18 റണ്‍സ് നേടി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :