തകർച്ചയിൽ രക്ഷകനായി സഞ്ജു,തകർപ്പൻ പ്രകടനവുമായി റുതുരാജും റിങ്കു സിംഗും അയർലൻഡിന് മുന്നിൽ

അഭിറാം മനോഹർ| Last Modified ഞായര്‍, 20 ഓഗസ്റ്റ് 2023 (21:18 IST)
അയര്‍ലന്‍ഡിനെതിരായ രണ്ടാം ടി20 മത്സരത്തില്‍ അയര്‍ലന്‍ഡിന് മുന്നില്‍ 186 റണ്‍സിന്റെ വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി റുതുരാജ് ഗെയ്ക്ക്‌വാദ്, സഞ്ജു സാംസണ്‍, റിങ്കു സിംഗ് എന്നിവര്‍ നടത്തിയ പ്രകടനമാണ് ടീമിനെ മികച്ച നിലയിലെത്തിച്ചത്. മത്സരത്തിന്റെ അഞ്ചാം ഓവറില്‍ തന്നെ 2 വിക്കറ്റ് നഷ്ടമായ ഇന്ത്യയെ സഞ്ജു സാംസണും റുതുരാജും ചേര്‍ന്ന കൂട്ടുക്കെട്ടാണ് തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്. നാലാം വിക്കറ്റില്‍ ഇവര്‍ 71 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്.

റുതുരാജ് ഗെയ്ക്ക്‌വാദ് 43 പന്തില്‍ നിന്നും 58 റണ്‍സും സഞ്ജു സാംസണ്‍ 26 പന്തില്‍ നിന്നും 40 റണ്‍സും സ്വന്തമാക്കി. എന്നാല്‍ ഇന്ത്യ 105 റണ്‍സില്‍ നില്‍ക്കെ സഞ്ജുവിനെയും 129ല്‍ നില്‍ക്കെ റുതുരാജിനെയും നഷ്ടമായി. തുടര്‍ന്ന് തകര്‍ച്ചയിലേക്ക് പോകുമായിരുന്ന ടീമിനെ മികച്ച സ്‌കോറിലേക്കെത്തിച്ചത് റിങ്കു സിംഗും ശിവം ദുബെയും ചേര്‍ന്നായിരുന്നു. അവസാന ഓവറുകളില്‍ റിങ്കു സിംഗ് നടത്തിയ വെടിക്കെട്ടിന്റെ ബലത്തിലാണ് ഇന്ത്യ 185 റണ്‍സിലെത്തിയത്. 21 പന്തില്‍ നിന്നും 38 റണ്‍സാണ് താരം നേടിയത്. ശിവം ദുബെ 16 പന്തില്‍ 22 റണ്‍സുമായി പുറത്താകാതെ നിന്നു. അയര്‍ലന്‍ഡിനായി ബാരി മക്കാര്‍ത്തി 2 വിക്കറ്റ് നേടി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :