ഡെത്ത് ഓവറിൽ കാലിയാകുന്ന ഇന്ത്യൻ ടീം, ലോകകപ്പ് സ്വന്തമാക്കാൻ ഈ ബൗളിങ് നിര മതിയാകുമോ

അഭിറാം മനോഹർ| Last Modified ബുധന്‍, 21 സെപ്‌റ്റംബര്‍ 2022 (19:23 IST)
ഡെത്ത് ഓവറിൽ മത്സരം കൈവിടുന്നത് പതിവാക്കി ഇന്ത്യൻ ക്രിക്കറ്റ് ടീം. ഏഷ്യാകപ്പിന് മുൻപ് വരെ ബൗളിങ്ങും ബാറ്റിങ്ങും കൊണ്ട് സന്തുലിതമായ ടീമെന്ന് പേരുകേടിരുന്നെങ്കിലും ലോകകപ്പിന് മുൻപ് ഇന്ത്യയുടെ ബലഹീനതകൾ തുറന്ന് കാണിക്കാൻ ഏഷ്യാകപ്പിനായി. സൂപ്പർ പേസർ ജസ്പ്രീത് ബുമ്രയുടെ അസാന്നിധ്യത്തിൽ ലക്ഷ്യമില്ലാതെ അലയുന്ന ഒരു കൂട്ടം ബൗളർമാർ മാത്രമുള്ള നിരയായി ഇന്ത്യ മാറുമ്പോൾ ടീമിൻ്റെ ലോകകപ്പ് സാധ്യതകൾക്ക് അത് കരിനിഴൽ വീഴ്ത്തുകയാണ്.

ബുമ്രയുടെ അഭാവത്തിൽ ഇന്ത്യയുടെ വിശ്വസ്തനെന്ന് പേരു കേട്ട കുമാർ കൂടി നിറം മങ്ങിയതും രവീന്ദ്ര ജഡേജയുടെ വിടവും ഇന്ത്യയെ കാര്യമായി ബാധിച്ചിട്ടുണ്ട്. മുൻനിരയിൽ രോഹിത് ശർമയുടെ ഫോം ചോദ്യചിഹ്നമായി നിൽക്കുമ്പോഴും സൂര്യകുമാർ, ഹാർദ്ദിക് എന്നിവരടങ്ങിയ ബാറ്റിങ് നിര അത് പലപ്പോഴും കവർ ചെയ്യുന്നുണ്ട്. ബാറ്റർമാർ 200ന് മുകളിൽ നേടുമ്പോഴും ആ സ്കോർ പ്രതിരോധിക്കാൻ ഇന്ത്യൻ ബൗളിങ് നിരയ്ക്ക് സാധിക്കുന്നില്ല എന്നതാണ് സമീപകാല പ്രകടനങ്ങൾ പറയുന്നത്.

പവർ പ്ലേ ഓവറുകളിൽ മികച്ചുനിൽക്കുന്ന ഭുവനേശ്വർ ഡെത്തിൽ പൂർണപരാജയമാകുമ്പോൾ പരിക്കിൽ നിന്നും മോചിതനായെത്തിയ ഹർഷൽ പട്ടേലും പ്രതീക്ഷയ്ക്കൊത്ത പ്രകടനമല്ല കാഴ്ചവെയ്ക്കുന്നത്. ബുമ്ര,മുഹമ്മദ് ഷമി,ഭുവനേശ്വർ കൂട്ടുകെട്ട് പോലെ എതിരാളികളെ ഭയപ്പെടുത്തുന്ന ബൗളിങ് നിര ലോകകപ്പിന് പോകുമ്പോൾ ഇന്ത്യയ്ക്ക് അന്യമാണ്.

കുറച്ചുകാലമായി പരിക്കിൻ്റെ പിടിയിലകപ്പെട്ട തിരിച്ചുവരുന്നത് ടീമിന് ആശ്വാസമാകുമെങ്കിലും ബുമ്രയ്ക്ക് ശക്തമായ പിന്തുണ കൊടുക്കാൻ ഹർഷലിനോ ഭുവനേശ്വറിനോ സാധിക്കുമെന്ന് നിലവിലെ പ്രകടനങ്ങളുടെ മികവിൽ പറയാനാകില്ല. പുതുമുഖ താരമായ അർഷദീപ് സിങ് ഡെത്ത് ഓവറുകളിൽ പുലർത്തുന്ന നിയന്ത്രണം മാത്രമാണ് ടീമിന് ഇപ്പോൾ ആശ്വാസമായുള്ളത്ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :