അഭിറാം മനോഹർ|
Last Modified വെള്ളി, 13 മാര്‍ച്ച് 2026 (12:02 IST)
ടി20 ലോകകപ്പില്‍ ഇന്ത്യ ലോകകിരീടം സ്വന്തമാക്കിയപ്പോള്‍ ഇന്ത്യ ഒന്നടങ്കം ചര്‍ച്ച ചെയ്തത് മലയാളി താരം സഞ്ജു സാംസണെ പറ്റിയായിരുന്നു. വെസ്റ്റിന്‍ഡീസിനെതിരായ മത്സരത്തില്‍ ഒറ്റയ്ക്ക് ടീമിനെ വിജയിപ്പിച്ച 97* റണ്‍സ് പ്രകടനത്തിന്‍ പിന്നാലെ സെമിയിലും ഫൈനലിലുമെല്ലാം സമാന പ്രകടനങ്ങള്‍ നടത്താന്‍ സഞ്ജുവിനായിരുന്നു. ലോകകിരീടം സ്വന്തമാക്കിയെങ്കിലും സഞ്ജുവിന്‍ ഒരു സെഞ്ചുറി നേടാനായില്ലെന്ന നിരാശ പല ആരാധകര്‍ക്കുമുണ്ട്. ഇപ്പോഴിതാ ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ സഞ്ജുവിനോട് ടൂര്‍ണമെന്റില്‍ ഒരു സെഞ്ചുറി നേടണമെന്ന് താന്‍ ആവശ്യപ്പെട്ടിരുന്നതായി പറയുകയാണ് ഇന്ത്യന്‍ ടീമിന്റെ ബാറ്റിംഗ് പരിശീലകനായ സിതാന്‍ഷു കോട്ടക്.
സഞ്ജു നീ ഈ ലോകകപ്പില്‍ ഒരു സെഞ്ചുറി എങ്കിലും നേടണമെന്ന് ഞാന്‍ പറഞ്ഞിരുന്നു. ചിരിച്ചുകൊണ്ടായിരുന്നു സഞ്ജുവിന്റെ മറുപടി. കോട്ടക് ഭായ്, ഒരു വശത്ത് ടീമിന് വ്യക്തിഗത നേട്ടങ്ങള്‍ പ്രധാനമല്ലെന്ന് പറയുന്നു. മറുവശത്ത് സെഞ്ചുറി അടിക്കാനും പറയുന്നു. ഇത് രണ്ടും കൂടി എങ്ങനെ നടക്കുമെന്നായിരുന്നു സഞ്ജു തിരിച്ചുചോദിച്ചത്. ആ മറുപടി എന്നെ അത്ഭുതപ്പെടുത്തി. കോട്ടക് പറയുന്നു.
2024ലെ ലോകകപ്പ് ടീമില്‍ അംഗമായിരുന്നുവെങ്കിലും ടൂര്‍ണമെന്റില്‍ ഒരു മത്സരം പോലും കളിക്കാന്‍ സഞ്ജുവിനായിരുന്നില്ല. എന്നാല്‍ 2026ല്‍ വെസ്റ്റിന്‍ഡീസിനെതിരായ നിര്‍ണായക മത്സരത്തില്‍ ടീമിന്റെ രക്ഷകവേഷം ഏറ്റെടുത്ത സഞ്ജു സെമിയിലും ഫൈനലിലും ആ റോള്‍ നല്ല രീതിയില്‍ പൂര്‍ത്തിയാക്കി. അഞ്ച് ഇന്നിങ്ങ്‌സുകളില്‍ നിന്ന് 321 റണ്‍സ് അടിച്ചുകൂട്ടി ലോകകപ്പിന്റെ താരമാകാനും സഞ്ജുവിനായിരുന്നു. ടൂര്‍ണമെന്റിന് മുന്‍പ് മോശം ഫോമിലായിരുന്നെങ്കിലും നിര്‍ണായക ഘട്ടത്തില്‍ സഞ്ജു മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് തനിക്ക് ഉറപ്പായിരുന്നുവെന്നും കോട്ടക് പറഞ്ഞു.