ഗില്ലിന് വേണ്ടി സഞ്ജുവിനെ വേണ്ടെന്ന് വെച്ചു, അവന്റെ താളം തെറ്റിച്ചു, വിധി അനുകൂലമായി അല്ലാതെ ഗംഭീറിന്റെ മാസ്റ്റര്‍ ക്ലാസല്ല

Sanju Samson
Sanju Samson
അഭിറാം മനോഹർ| Last Modified ബുധന്‍, 11 മാര്‍ച്ച് 2026 (14:52 IST)
ഐസിസി ടി20 ലോകകപ്പ് 2026 കിരീടം ഇന്ത്യ സ്വന്തമാക്കിയെങ്കിലും മലയാളി താരം സഞ്ജു സാംസണെ കൈകാര്യം ചെയ്തതില്‍ ഇന്ത്യന്‍ മാനേജ്‌മെന്റിന് തെറ്റ് സംഭവിച്ചെന്ന് കമന്റേറ്ററും മുന്‍ ഇന്ത്യന്‍ താരവുമായ സഞ്ജയ് മഞ്ജരേക്കര്‍. സെമിഫൈനലിലും ഫൈനലിലും ടോപ് സ്‌കോററായി സഞ്ജു തിളങ്ങിയെങ്കിലും ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ സഞ്ജുവിന് ടീമില്‍ അവസരം ഉണ്ടായിരുന്നില്ലെന്ന് മഞ്ജരേക്കര്‍ പറയുന്നു.

സഞ്ജുവിനെ കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ പരിശീലകന്‍ ഗൗതം ഗംഭീറിനും ടീം മാനേജ്‌മെന്റിനും ഗുരുതരമായ തെറ്റ് സംഭവിച്ചു. 5 ഇന്നിങ്ങ്‌സുകളില്‍ നിന്ന് 3 സെഞ്ചുറിയടക്കം നേടി മിന്നുന്ന ഫോമിലായിരുന്നു സഞ്ജു. എന്നാല്‍ ഇംഗ്ലണ്ടിനെതിരെ 5 മോശം ഇന്നിങ്ങ്‌സുകള്‍ സംഭവിച്ചപ്പോള്‍ ടെസ്റ്റില്‍ ആ സമയം കത്തിനിന്നിരുന്ന ശുഭ്മാന്‍ ഗില്ലിനെ ടീമില്‍ ഉള്‍പ്പെടുത്താനായി സഞ്ജുവിനെ തഴഞ്ഞു. ടെസ്റ്റില്‍ മികച്ച കളി കാഴ്ചവെച്ച താരത്തെ ആ പ്രകടനത്തിന്റെ പേരില്‍ ടി20യില്‍ കൊണ്ടുവരാന്‍ വേണ്ടി സഞ്ജുവിനെ ബാറ്റിംഗ് ഓര്‍ഡറില്‍ താഴെ ഇറക്കിയത് സഞ്ജൂവിന്റെ താളത്തെ ബാധിച്ചതായാണ് മഞ്ജരേക്കര്‍ പറയുന്നത്.

ടീം മാനേജ്‌മെന്റിന്റെ ആ ഒരു തീരുമാനത്തോടെ സഞ്ജുവിന്റെ ബാറ്റിംഗിന്റെ താളം തെറ്റി. ആദ്യം ബാറ്റിംഗ് ഓര്‍ഡറില്‍ താഴേക്ക് കൊണ്ടുവന്നു. പിന്നീട് ടീമില്‍ നിന്നും പുറത്താക്കി. സഞ്ജു എങ്ങനെയാണ് ലോകകപ്പ് ടീമില്‍ വീണ്ടുമെത്തിയത്. മൂന്നാം നമ്പറില്‍ തിലക് വര്‍മ പരാജയമായി.റിങ്കുവിന് കളിക്കാനാവാത്ത സാഹചര്യമുണ്ടായി. ടോപ് ഓര്‍ഡറില്‍ അവസരം വന്നു. വിധിയാണ് സഞ്ജുവിന് വീണ്ടും അവസരമൊരുക്കിയത്. പിന്നീടുണ്ടായതെല്ലാം ചരിത്രമാണ് അത് നമുക്കറിയാം. സഞ്ജയ് മഞ്ജരേക്കര്‍ വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :