അഭിറാം മനോഹർ|
Last Modified ബുധന്‍, 11 മാര്‍ച്ച് 2026 (14:15 IST)
ടി20 ലോകകപ്പ് വിജയം സ്വന്തമാക്കിയതിന് പിന്നാലെ ഐസിസി ടി20 റാങ്കിങ്ങിലും നേട്ടമുണ്ടാക്കി മലയാളി താരം സഞ്ജു സാംസണ്‍. ലോകകപ്പ് സെമിഫൈനല്‍, ഫൈനല്‍ മത്സരങ്ങളിലെ പ്രകടനങ്ങള്‍ക്ക് പിന്നാലെ കരിയറിലെ ഏറ്റവും മികച്ച റാങ്കിംഗ് സ്വന്തമാക്കിയിരിക്കുകയാണ് താരം. പുതുക്കിയ ഐസിസി റാങ്കിംഗില്‍ ഇരുപത്തിരണ്ടാം സ്ഥാനത്താണ് താരം.
വെസ്റ്റിന്‍ഡീസിനെതിരായ മത്സരത്തിന് മുന്‍പെ റാങ്കിംഗില്‍ 65മത് സ്ഥാനത്തായിരുന്നു സഞ്ജു. എന്നാല്‍ മത്സരത്തിലെ നോട്ടൗട്ട് പ്രകടനത്തിന് പിന്നാലെ 25 സ്ഥാനം മെച്ചപ്പെടുത്തി സഞ്ജു നാല്പതാം സ്ഥാനത്തെത്തിയിരുന്നു. സെമിഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ക്ക് ശേഷം 637 റേറ്റിംഗ് പോയിന്റുകളോടെ ഇരുപത്തിരണ്ടാം സ്ഥാനത്താണ് താരം. 871 പോയന്റുമായി ഇന്ത്യയുടെ ഇഷാന്‍ കിഷന്‍ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്.
875 പോയന്റുമായി അഭിഷേക് ശര്‍മയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലെ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ ലോകകപ്പിലും തകര്‍പ്പന്‍ പ്രകടനം നടത്തിയാണ് ഇഷാന്‍ പട്ടികയില്‍ രണ്ടാമതെത്തിയത്. പാകിസ്ഥാന്റെ സാഹിബ് സാദ ഫര്‍ഹാനാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത്. ഏഴാം സ്ഥാനത്ത് തിലക് വര്‍മയും ഒന്‍പതാം സ്ഥാനത്ത് സൂര്യകുമാര്‍ യാദവുമാണുള്ളത്.