എന്തും നടക്കാമല്ലോ, സഞ്ജു തന്നെ ഇന്ത്യൻ ടി20 ക്യാപ്റ്റനായേക്കാം: പ്രവചനവുമായി മുഹമ്മദ് കൈഫ്

വരുന്ന ലോകകപ്പില്‍ കളിക്കാരനെന്ന നിലയില്‍ സൂര്യ ടീമിലിടം നേടില്ലെന്നാണ് വലിയൊരു വിഭാഗം കരുതുന്നത്.

Sanju Samson
Sanju Samson
രേണുക വേണു| Last Modified ബുധന്‍, 11 മാര്‍ച്ച് 2026 (13:44 IST)
ഇന്ത്യയുടെ ടി20 ലോകകപ്പ് നേട്ടത്തിന് പിന്നാലെ വരാനിരിക്കുന്ന ടി20 ലോകകപ്പിലെ നായകസ്ഥാനത്തെ പറ്റിയുള്ള ചര്‍ച്ചകളും സജീവമാകുന്നു. ലോകകപ്പ് നേടിതന്ന നായകനാണെങ്കിലും 2028ലെ ടി20 ലോകകപ്പില്‍ സൂര്യകുമാര്‍ യാദവ് കളിക്കുന്നതില്‍ ഉറപ്പില്ലെന്നാണ് ആരാധകരും ക്രിക്കറ്റ് നിരീക്ഷകരും കരുതുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി മോശം ഫോമിലാണ് സൂര്യകുമാര്‍. ഈ സാഹചര്യത്തില്‍ വരുന്ന ലോകകപ്പില്‍ കളിക്കാരനെന്ന നിലയില്‍ സൂര്യ ടീമിലിടം നേടില്ലെന്നാണ് വലിയൊരു വിഭാഗം കരുതുന്നത്.

ഈ സാഹചര്യത്തില്‍ ടി20 ഫോര്‍മാറ്റിലെ നായകസ്ഥാനത്തെ പറ്റിയുള്ള ചര്‍ച്ചകള്‍ സമൂഹമാധ്യമങ്ങളില്‍ സജീവമാണ്. ഈ വിഷയത്തില്‍ തന്റെ അഭിപ്രായം പങ്കുവെച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരമായ മുഹമ്മദ് കൈഫ്. സൂര്യകുമാറിന്റെ പിന്‍ഗാമിയായി ശുഭ്മാന്‍ ഗില്‍ വരാന്‍ സാധ്യതയില്ലെന്നും സൂര്യയ്ക്ക് 2028ല്‍ 37 വയസാകും എന്ന കാര്യം പരിഗണിക്കുമ്പോള്‍ നിലവില്‍ ഏറ്റവും സാധ്യത സഞ്ജു സാംസണിനാണെന്നാണ് കൈഫ് പറയുന്നത്.


നിലവില്‍ സൂര്യയ്ക്ക് 35 വയസ്സായി. 2028ലെ ഒളിമ്പിക്‌സ്,ടി20 ലോകകപ്പ് എന്നിവ പരിഗണിക്കുമ്പോള്‍ സൂര്യയുടെ പ്രായം 37 പിന്നിടും. എന്നാല്‍ സഞ്ജുവിനെ പരിഗണിച്ചാല്‍ 31 കാരനായി സഞ്ജുവിന് മുന്നില്‍ ഒരുപാട് സമയം അവശേഷിക്കുന്നുണ്ട്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ നയിച്ചുള്ള പരിചയം സഞ്ജുവിനുണ്ട്. അദ്ദേഹത്തിന്റെ നേതൃപാടവം മികച്ചതാണ്. ബൗളിംഗ് മാറ്റങ്ങളും ഒപ്പം ഫോമിലല്ലാത്ത താരങ്ങളെ പിന്തുണയ്ക്കുന്നതിലും സഞ്ജു മിടുക്കനാണ്. ടീമിനെ നയിക്കാനുള്ള പക്വത അവനുണ്ട്. കൈഫ് പറഞ്ഞു.

ഇന്ത്യയ്ക്ക് ലോകകപ്പ് സമ്മാനിച്ചെങ്കിലും സൂര്യയുടെ ബാറ്റിംഗ് ഫോം ആശങ്കയുണ്ടാക്കുന്നുണ്ട്. ഹാര്‍ദ്ദിക് പാണ്ഡ്യ, ജസ്പ്രീത് ബുമ്ര എന്നിവരെ നായകരാക്കി ഇന്ത്യ പരിഗണിക്കുന്നില്ല. അക്‌സര്‍ പട്ടേലിന് ഐപിഎല്ലില്‍ നായകനെന്ന നിലയില്‍ മികവ് കാട്ടാനായിട്ടില്ല. ജാര്‍ഖണ്ഡിനെ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കിരീടത്തിലേക്ക് എത്തിച്ചെങ്കിലും വലിയ വേദികളില്‍ ടീമിനെ നയിച്ചുള്ള പരിചയം ഇഷാനുമില്ല. ഈ സാഹചര്യത്തില്‍ ഏറ്റവും യോഗ്യനായ താരം സഞ്ജുവെന്നാണ് ക്രിക്കറ്റ് ആരാധകരുടെയും വിലയിരുത്തല്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :