അഭിറാം മനോഹർ|
Last Modified വ്യാഴം, 12 മാര്‍ച്ച് 2026 (14:34 IST)
ടി20 ലോകകപ്പില്‍ 'പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ്' പുരസ്‌കാരത്തിന് സഞ്ജുവിനേക്കാള്‍ അര്‍ഹന്‍ ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുമ്രയ്‌ക്കെന്ന് ദക്ഷിണാഫ്രിക്കന്‍ ഇതിഹാസ താരമായ എ ബി ഡിവില്ലിയേഴ്‌സ്. ഇന്ത്യയുടെ ലോകകപ്പ് വിജയത്തിന് പിന്നാലെ യൂട്യൂബില്‍ പങ്കുവെച്ച വീഡിയോയിലാണ് ഡിവില്ലിയേഴ്‌സ് തന്റെ അഭിപ്രായം പങ്കുവെച്ചത്.
സഞ്ജു സാംസണ്‍ ടൂര്‍ണമെന്റിലുടനീളം മിന്നുന്ന ഫോമിലായിരുന്നുവെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്ന് ഡി വില്ലിയേഴ്സ് വ്യക്തമാക്കി. എങ്കിലും, മത്സരങ്ങളുടെ ഗതി മാറ്റുന്നതില്‍ ബുംറ ചെലുത്തിയ സ്വാധീനം സമാനതകളില്ലാത്തതാണെന്നാണ് ഡിവില്ലിയേഴ്‌സിന്റെ അഭിപ്രായം. 'സഞ്ജു മനോഹരമായി ബാറ്റ് ചെയ്തു, റണ്‍സുകള്‍ വാരിക്കൂട്ടി. എന്നാല്‍ കളി തോല്‍ക്കുമെന്ന് തോന്നിച്ച പല ഘട്ടങ്ങളിലും ഇന്ത്യയെ തിരികെ കൊണ്ടുവന്നത് ബുംറയുടെ സ്‌പെല്ലുകളാണ്. എന്റെ കാഴ്ചപ്പാടില്‍ ഒരു ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച താരം ടീമിന് ഏറ്റവും കൂടുതല്‍ ഇംപാക്ട് നല്‍കുന്ന ആളായിരിക്കണം. അത് ബുംറയായിരുന്നു. ഡിവില്ലിയേഴ്‌സ് പറഞ്ഞു.
അതേസമയം, മലയാളി താരം സഞ്ജു സാംസണെ സംബന്ധിച്ചിടത്തോളം ഈ ലോകകപ്പ് ഒരു വലിയ വഴിത്തിരിവായിരുന്നു. ടൂര്‍ണമെന്റില്‍ ഉടനീളം സ്ഥിരതയാര്‍ന്ന ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത സഞ്ജു, നിര്‍ണ്ണായക മത്സരങ്ങളില്‍ ടീമിനായി അര്‍ദ്ധ സെഞ്ചുറികള്‍ നേടിയിരുന്നു. ടി20 ലോകകപ്പില്‍ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരം നേടുന്ന ആദ്യ വിക്കറ്റ് കീപ്പര്‍ ബാറ്ററെന്ന നേട്ടവും സഞ്ജു സ്വന്തമാക്കി. ടൂര്‍ണമെന്റില്‍ ഏറ്റവുമധികം സിക്‌സുകള്‍ നേടിയ താരവും ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ താരവും സഞ്ജുവാണ്.