രേണുക വേണു|
Last Modified വ്യാഴം, 12 മാര്‍ച്ച് 2026 (18:09 IST)
പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീം പുലര്‍ത്തുന്ന ആധിപത്യം വിസ്മയിപ്പിക്കുന്നതാണെന്ന് വെസ്റ്റിന്‍ഡീസ് ഇതിഹാസതാരം വിവ് റിച്ചാര്‍ഡ്‌സ്. 2026ലെ ടി20 ലോകകപ്പ് സ്വന്തമാക്കിയതിന് പിന്നാലെയാണ് നിലവിലെ ഇന്ത്യന്‍ ടീമിനെ വാനോളം പുകഴ്ത്തി റിച്ചാര്‍ഡ്‌സ് രംഗത്തെത്തിയത്. നിലവിലെ ഇന്ത്യന്‍ ടീമിന്റെ പ്രകടനം പ്രതാപകാലത്തെ വെസ്റ്റിന്‍ഡീസിനെ ഓര്‍മിപ്പിക്കുന്നതാണെന്നും റിച്ചാര്‍ഡ്‌സ് പറഞ്ഞു.
അഹമ്മദാബാദില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ ന്യൂസിലന്‍ഡിനെ 96 റണ്‍സിന് തകര്‍ത്താണ് ഇന്ത്യ ലോകകിരീടം സ്വന്തമാക്കിയത്. ഇതോടെ ടി20 ലോകകപ്പ് കിരീടം നിലനിര്‍ത്തുന്ന ആദ്യ ടീമെന്ന റെക്കോര്‍ഡും സ്വന്തം മണ്ണില്‍ ലോകകപ്പ് നേടുന്ന ആദ്യ രാജ്യമെന്ന നേട്ടവും ഇന്ത്യ സ്വന്തമാക്കിയിരുന്നു. ഇന്ത്യന്‍ ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റ് ഇപ്പോള്‍ മറ്റൊരു തലത്തിലാണെന്നാണ് വിവ് റിച്ചാര്‍ഡ്‌സ് വ്യക്തമാക്കിയത്.ക്രിക്കറ്റിനോട് ഇന്ത്യന്‍ ജനത കാണിക്കുന്ന സ്‌നേഹവും ആവേശവുമാണ് വിജയത്തിന് പിന്നിലെന്നും റിച്ചാര്‍ഡ്‌സ് പറഞ്ഞു.