Mithali Raj: അന്ന് ഞാൻ ഇന്ത്യൻ ക്യാപ്റ്റനാണ്, വിവാഹം കഴിഞ്ഞാൽ ക്രിക്കറ്റ് ഉപേക്ഷിച്ച് കുട്ടികളെ നോക്കണമെന്ന് അയാൾ പറഞ്ഞു: മിതാലി രാജ്

Mithali Raj
അഭിറാം മനോഹർ| Last Updated: ചൊവ്വ, 3 ഡിസം‌ബര്‍ 2024 (15:47 IST)
Mithali Raj
വിവാഹം കഴിക്കാതെ സിംഗിളായി തുടരാനുള്ള കാരണം വെളിപ്പെടുത്തി മുന്‍ ഇന്ത്യന്‍ വനിതാ ടീം ക്യാപ്റ്റന്‍ മിതാലി രാജ്. ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്ഥാനത്തിരിക്കെ വിവാഹ ആലോചനകള്‍ വന്നെന്നും ഒരിക്കല്‍ വിവാഹത്തിന് തൊട്ടടുത്തെത്തിയെങ്കിലും ക്രിക്കറ്റ് ഉപേക്ഷിച്ചാലെ വിവാഹം കഴിക്കാനാവു എന്ന് വരന്‍ പറഞ്ഞതിനെ തുടര്‍ന്ന് വിവാഹത്തില്‍ നിന്നും പിന്മാറേണ്ടിവന്നുവെന്നും 41 കാരിയായ മിതാലി രാജ് പറയുന്നു. രണ്‍വീര്‍ അലഹബാദിയയുടെ പോഡ്കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു മിതാലി.


എനിക്കന്ന് 25 വയസാണ് പ്രായം. അന്ന് ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനാണ്. വിവാഹം കഴിഞ്ഞാല്‍ ക്രിക്കറ്റ് ഉപേക്ഷിച്ച് കുട്ടികളുടെയും കുടുംബത്തിന്റെയും കാര്യങ്ങള്‍ നോക്കണമെന്നാണ് വരന്‍ ആവശ്യപ്പെട്ടത്. അതിനെ തുടര്‍ന്ന് ആ വിവാഹം വേണ്ടെന്ന് വെക്കേണ്ടിവന്നു. എന്റെയൊക്കെ കുട്ടിക്കാലത്ത് ക്രിക്കറ്റ് കരിയറാക്കുക എന്നത് തന്നെ ഒരു മധ്യവര്‍ഗ കുടുംബത്തിന് ചിന്തിക്കാവുന്ന കാര്യമല്ല.


ഒരു പ്രായം വരെയൊക്കെ പെണ്‍കുട്ടികള്‍ ക്രിക്കറ്റില്‍ തുടരും. പിന്നീട് വിവാഹവും കുട്ടികളും കുടുംബവുമായി പോകും. 2009 വരെ ഞാനും ചിന്തിച്ചത് അങ്ങനെയാണ്. എന്തായാലും ലോകകപ്പ് കൂടി കളിച്ച് കുടുംബജീവിതത്തിലേക്ക് കടക്കാമെന്നാണ് കരുതിയത്. എന്നാല്‍ ലോകകപ്പില്‍ മികച്ച പ്രകടനം നടത്തിയതോടെ ലഭിച്ച അഭിനന്ദനങ്ങളും പ്രോത്സഹനങ്ങളും എന്റെ ജീവിതം മാറ്റി. എന്റെ ചിന്തകളും തീരുമാനങ്ങളും മാറി. അത്രയേറെ കഷ്ടപ്പെട്ടും ത്യാഗങ്ങള്‍ സഹിച്ചുമാണ് ഇതുവരെയെത്തിയത്. വിവാഹം കഴിച്ച് കരിയര്‍ ഇല്ലാതെയാക്കാന്‍ ഞാന്‍ ആഗ്രഹിച്ചില്ല. ഒരു 2 വര്‍ഷം കൂടി ക്രിക്കറ്റില്‍ തുടരണമെന്നും ഇപ്പോള്‍ വിവാഹം വേണ്ടെന്നും അമ്മയെ വിളിച്ച് പറഞ്ഞു. മിതാലി രാജ് പറയുന്നു.


2 പതിറ്റാണ്ടോളം ഇന്ത്യന്‍ വനിതാ ക്രിക്കറ്റിന്റെ തന്നെ മുഖമായി മാറിയ മിതാലി രാജ് ഇന്ത്യയ്ക്കായി 232 ഏകദിനങ്ങളും 12 ടെസ്റ്റും 89 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. രാജ്യാന്തര വനിതാ ക്രിക്കറ്റില്‍ 10,000 റണ്‍സ് തികച്ച ഒരേയൊരു താരം കൂടിയായ മിതാലി രാജ് ഇന്ത്യന്‍ ക്യാപ്റ്റനെന്ന നിലയില്‍ 155 ഏകദിനങ്ങളില്‍ 89 എണ്ണ്ണത്തില്‍ വിജയിച്ചിട്ടുണ്ട്. 2017ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യയെ ഫൈനലിലേക്ക് നയിക്കാനും മിതാലിക്കായിരുന്നു. 2022ല്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ച മിതാലി രാജ് നിലവില്‍ വനിതാ പ്രീമിയര്‍ ലീഗില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ മെന്ററാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :