അഭിറാം മനോഹർ|
Last Modified ഞായര്‍, 1 ഡിസംബര്‍ 2024 (08:58 IST)
ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റ് ഹൈബ്രിഡ് മോഡലില്‍ സംഘടിപ്പിക്കാന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് സമ്മതിച്ചതായി റിപ്പോര്‍ട്ട്. ഇന്ത്യയുടെ മത്സരങ്ങള്‍ മറ്റൊരു വേദിയില്‍ നടത്താനുള്ള ഹൈബ്രിഡ് മോഡല്‍ അംഗീകരിച്ചില്ലെങ്കില്‍ ടൂര്‍ണമെന്റില്‍ നിന്നും പാകിസ്ഥാനെ നീക്കുമെന്ന് ഐസിസി താക്കീത് നല്‍കിയതോട് കൂടിയാണ് ഹൈബ്രിഡ് മോഡലിന് പാകിസ്ഥാന്‍ വഴങ്ങിയത്. ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ യുഎഇയില്‍ നടക്കാനാണ് സാധ്യത.
അതേസമയം ഹൈബ്രിഡ് മോഡലിനായി 2 നിബന്ധനകള്‍ പിസിബി മുന്നോട്ട് വെച്ചതായാണ് വിവരം. ടൂര്‍ണമെന്റ് ഫൈനല്‍ മത്സരവേദിയ്ക്ക് റിസര്‍വ് വേദിയായി ലാഹോറിനെ തീരുമാനിക്കണമെന്നാണ് പാകിസ്ഥാന്റെ ഒരാവശ്യം.
ഇന്ത്യ ഫൈനലില്‍ പ്രവേശിക്കാത്ത സാഹചര്യത്തില്‍ ലാഹോറില്‍ ഫൈനല്‍ മത്സരം നടത്തണം. ഭാവിയില്‍ ഇന്ത്യ ഐസിസി ടൂര്‍ണമെന്റുകള്‍ സംഘടിപ്പിക്കുമ്പോഴും ഹൈബ്രിഡ് മോഡലിലാകണമെന്നാണ് മറ്റൊരു ആവശ്യം. പാകിസ്ഥാനില്‍ ഇന്ത്യയ്ക്ക് കളിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ പാക് ടീമും ഇന്ത്യയില്‍ പോയി കളിക്കേണ്ടതില്ലെന്നാണ് പിസിബി വ്യക്തമാക്കിയത്.