അഭിറാം മനോഹർ|
Last Modified ബുധന്‍, 9 ജൂണ്‍ 2021 (15:03 IST)
പ്രധാനപ്പെട്ട കിരീടങ്ങൾ ഒന്നും തന്നെ നേടാനാവാത്ത ഇന്ത്യൻ നായകൻ വിരാട് കോലിയെ അർജന്റീനിയൻ സൂപ്പർ താരം ലയണൽ മെസിയോട് ഉപമിച്ച് മുൻ പാകിസ്ഥാൻ താരം റമീസ് രാജ. മെസിക്കും അർജന്റീനയ്ക്ക് വേണ്ടി കിരീടങ്ങൾ ഒന്നും തന്നെ നേടാനായിട്ടില്ലെന്ന് ചൂണ്ടികാണിച്ചാണ് റമീസ് രാജയുടെ പ്രതികരണം.
സ്ഥിരതയേക്കാൾ മനോഭാവമാണ് ഫനലുകളിൽ നിർണായകമാവുക. പ്രധാനപ്പെട്ട നിമിഷങ്ങളിൽ ആധിപത്യം സ്ഥാപിക്കാനും ആത്മസംയമനം പാലിക്കാനുമുള്ള കഴിവാണ് ഒരു താരത്തെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്‌തനാക്കുന്നത്. വിവ് റിച്ചാർഡ്‌സ് അത്തരത്തിലുള്ള ഒരു താരമാണ്.
നിലവിൽ അന്താരാഷ്ട്ര ക്രിക്കറ്റിലെ ഇതിഹാസങ്ങൾക്കൊപ്പമാണ് കോലിയുടെ സ്ഥാനം. എന്നാൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് വിജയിക്കാനായാൽ അത് കോലിയുടെ കിരീടത്തിലെ ഒരു പൊൻതൂവൽ ആയിരിക്കും. എക്കാലത്തെയും മികച്ച കളിക്കാരനാവാനുള്ള സുവർണാവസരമാണ് കോലിക്ക് മുന്നിലുള്ളത്.മെസിയെ പോലെ ചില വമ്പൻമാർക്കും ഇതുവരെ ലോകകിരീടം ചൂടാനായിട്ടില്ലെന്നും റമീസ് രാജ പറഞ്ഞു.
ജൂൺ 18നാണ് ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ മത്സരം. കഴിഞ്ഞ വർഷം സെഞ്ചുറിയില്ലാതെയാണ് കോലി അവസാനിപ്പിച്ചത്. ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യൻ നായകന്റെ സെഞ്ചുറി വരൾച്ചയ്ക്ക് കൂടി അറുതിയാവുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.