അഭിറാം മനോഹർ|
Last Modified തിങ്കള്‍, 7 ജൂണ്‍ 2021 (16:14 IST)
ഐസിസിയുടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ കരുത്തരായ കിവികളെയാണ് ഇന്ത്യ നേരിടേണ്ടത് എന്ന് മാത്രമല്ല ഇന്ത്യൻ നിരയുടെ ഉറക്കം കെടുത്തുന്നത്. ഇംഗ്ലീഷ് സാഹചര്യങ്ങൾക്കൊപ്പം ഡ്യൂക്ക് ബോളുകൾ കൊണ്ടാണ് കളിക്കേണ്ടതെന്നാണ് ഇന്ത്യയെ പേടിപ്പിക്കുന്നത്.
നിലവിൽ 3 തരം ബോളുകളാണ് ക്രിക്കറ്റ് കളിക്കാൻ ഉപയോഗിക്കുന്നത്. ഡ്യൂക്‌സിനെക്കൂടാതെ എസ്ജി, കൂക്കാബുറ എന്നിവയാണ് മറ്റു രണ്ടു വ്യത്യസ്ത ബോളുകള്‍. എസ്ജി ബോള്‍ ഇന്ത്യയില്‍ നിര്‍മിക്കുന്നതാണ്. ഇന്ത്യയിലെ അന്താരാഷ്ട്ര ടെസ്റ്റ് മത്സരങ്ങൾക്കും ആഭ്യന്തര മത്സരങ്ങൾക്കും ഉപയോഗിക്കുന്നത് എസ്‌ജി ബോളാണ്. ഓസ്ട്രേലിയ,ന്യൂസിലാന്‍ഡ്, സൗത്താഫ്രിക്ക, പാകിസ്താന്‍, ശ്രീലങ്ക, സിംബാബ്‌വെ എന്നീ രാജ്യങ്ങളെല്ലാം ടെസ്റ്റ് മല്‍സരങ്ങൾക്ക് ഉപയോഗിക്കുന്ന ബോളാണ് കൂക്കബുറ.
അതേസമയം ഇംഗ്ലണ്ട്,വെസ്റ്റിൻഡീസ്,അയർലാൻഡ് എന്നീ രാജ്യങ്ങൾ ഉപയോഗിക്കുന്ന ബോളാണ് ഡ്യൂക്ക്.കൈകള്‍ കൊണ്ടു തുന്നിച്ചേര്‍ത്ത പന്താണ് ഡ്യൂക്‌സ് ബോള്‍. മറ്റു രണ്ടു ബോളുകളെ അപേക്ഷിച്ച് കൂടുതല്‍ സീം ലഭിക്കുന്നതും ഈ ബോളിനാണ്. മല്‍സരങ്ങളില്‍ ദീര്‍ഘനേരം ബൗളര്‍മാരെ സഹായിക്കുന്ന പന്തുകളാണിവ.
ഇന്ത്യൻ നിർമിത എസ്‌ജി ബോളുകളും കൈകൾ കൊണ്ട് തുന്നിച്ചേർക്കുന്നതാണെങ്കിലും ഗുണനിലവാരം തീരെ കുറഞ്ഞവയാണിവ. സമീപകാലത്തായി ഇന്ത്യൻ നായകൻ വിരാട് കോലിയും ആർ അശ്വിനും ബോളിന്റെ നിലവാരത്തിനെതിരെ രംഗത്തെത്തിയിരുന്നു. കൂക്കബുറ ബോളിന്റെ കാര്യമെടുത്താല്‍ പകുതി കൈകള്‍ കൊണ്ടും പകുതി മെഷീന്‍ കൊണ്ടും തുന്നിച്ചേര്‍ത്തതാണ്. ഡ്യൂക്‌സിനെ അപേക്ഷിച്ച് ഇവയ്ക്ക് സ്വിങ് കുറവാണ്.
ടെസ്റ്റ് മത്സരങ്ങളിൽ വളരെയേറെ സമയം സ്വിങ് ലഭിക്കുമെന്നതാണ് ഡ്യൂക്കിനെ ബൗളർമാരുടെ പ്രിയപ്പെട്ടവനാക്കുന്നത്. സീം കൂടാതെ മൂടിക്കെട്ടിയ അന്തരീക്ഷവും പിച്ചിലെ പച്ചപ്പും ഡ്യൂക്കിന് കൂടുതൽ മൂവ്‌മെന്റ് നൽകുന്നു. ഇംഗ്ലീഷ് പിച്ചുകളിൽ കൂടുതൽ ബാറ്റ്സ്മാന്മാർ സ്ലിപ്പില്‍ ക്യാച്ച് നല്‍കി പുറത്താവാനുള്ള പ്രധാന കാരണങ്ങളിലൊന്ന് ഇതാണ്.