England vs Australia, Ashes 2nd Test: രണ്ടാം ടെസ്റ്റിലും പിടിമുറുക്കി ഓസ്‌ട്രേലിയ, എട്ട് വിക്കറ്റ് ശേഷിക്കെ ലീഡ് 221; ഇംഗ്ലണ്ടിന് നെഞ്ചിടിപ്പ്

രേണുക വേണു| Last Modified ശനി, 1 ജൂലൈ 2023 (07:11 IST)

England vs Australia, Ashes 2nd Test: ആഷസ് രണ്ടാം ടെസ്റ്റിലും പിടിമുറുക്കി ഓസ്‌ട്രേലിയ. ഓസീസിന്റെ രണ്ടാം ഇന്നിങ്‌സ് ലീഡ് 221 ആയി. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ 45.4 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഓസ്‌ട്രേലിയ 130 റണ്‍സ് നേടിയിട്ടുണ്ട്. ഒന്നാം ഇന്നിങ്‌സില്‍ 91 റണ്‍സിന്റെ ലീഡ് ഓസ്‌ട്രേലിയ സ്വന്തമാക്കിയിരുന്നു. ഉസ്മാന്‍ ഖവാജ (123 പന്തില്‍ 58), സ്റ്റീവ് സ്മിത്ത് (24 പന്തില്‍ ആറ്) എന്നിവരാണ് ഇപ്പോള്‍ ക്രീസില്‍. ഡേവിഡ് വാര്‍ണര്‍ (76 പന്തില്‍ 25), മാര്‍നസ് ലബുഷാനെ (51 പന്തില്‍ 30) എന്നിവരുടെ വിക്കറ്റുകളാണ് ഓസ്‌ട്രേലിയയ്ക്ക് നഷ്ടമായത്.

ഒന്നാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ 416 റണ്‍സിന് ഓള്‍ഔട്ട് ആകുകയായിരുന്നു. മറുപടി ബാറ്റിങ്ങില്‍ ഇംഗ്ലണ്ട് 325 റണ്‍സിന് ഓള്‍ഔട്ടായി. 222-4 എന്ന ശക്തമായ നിലയില്‍ നിന്നാണ് പിന്നീട് 103 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഇംഗ്ലണ്ടിന് ആറ് വിക്കറ്റുകള്‍ നഷ്ടമായത്. 134 പന്തില്‍ 98 റണ്‍സ് നേടിയ ബെന്‍ ഡക്കറ്റാണ് ഒന്നാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. ഓസ്‌ട്രേലിയയ്ക്ക് വേണ്ടി മിച്ചല്‍ സ്റ്റാര്‍ക്ക് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ജോഷ് ഹെയ്‌സല്‍വുഡും ട്രാവിസ് ഹെഡും രണ്ട് വീതം വിക്കറ്റുകള്‍ സ്വന്തമാക്കി.

അഞ്ച് മത്സരങ്ങളുടെ ആഷസ് പരമ്പരയില്‍ ആദ്യ കളി ജയിച്ച ഓസ്‌ട്രേലിയ 1-0 ത്തിന് ലീഡ് ചെയ്യുകയാണ് ഇപ്പോള്‍.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :