Ashes 1 st Test, England vs Australia: ഇനി നെഞ്ചിടിപ്പിന്റെ മണിക്കൂറുകള്‍, ഓസീസിന് ജയിക്കാന്‍ വേണ്ടത് 174, ഇംഗ്ലണ്ടിന് ഏഴ് വിക്കറ്റുകള്‍

രേണുക വേണു| Last Modified ചൊവ്വ, 20 ജൂണ്‍ 2023 (08:52 IST)

Ashes 1st Test England vs Australia: ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റ് ആവേശകരമായ ക്ലൈമാക്‌സിലേക്ക്. അവസാന ദിനമായ ഇന്ന് ഓസ്‌ട്രേലിയയ്ക്ക് ജയിക്കാന്‍ 174 റണ്‍സും ഇംഗ്ലണ്ട് ജയിക്കാന്‍ ഏഴ് വിക്കറ്റുകളും. ഓസ്‌ട്രേലിയയ്ക്ക് നേരിയ മുന്‍തൂക്കമുണ്ടെങ്കിലും എതിര്‍വശത്ത് ഇംഗ്ലണ്ട് ആയതിനാല്‍ എന്ത് അത്ഭുതവും പ്രതീക്ഷിക്കാം.

281 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ് ആരംഭിച്ച ഓസ്‌ട്രേലിയ നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 107 റണ്‍സ് നേടിയിട്ടുണ്ട്. ഏഴ് വിക്കറ്റുകള്‍ ശേഷിക്കെ ഓസീസിന് വേണ്ടത് 174 റണ്‍സ് മാത്രം. ഉസ്മാന്‍ ഖവാജ (81 പന്തില്‍ 34), സ്‌കോട്ട് ബോളണ്ട് (19 പന്തില്‍ 13) എന്നിവരാണ് ക്രീസില്‍. ഇംഗ്ലണ്ടിന് വേണ്ടി സ്റ്റുവര്‍ട്ട് ബ്രോഡ് ഒന്‍പത് ഓവറില്‍ 28 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. ഒലി റോബിന്‍സണ്‍ ഒരു വിക്കറ്റ് സ്വന്തമാക്കി.

ഒന്നാം ഇന്നിങ്‌സില്‍ ഏഴ് റണ്‍സ് ലീഡ് നേടിയ ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്‌സ് 273 ല്‍ അവസാനിക്കുകയായിരുന്നു. പാറ്റ് കമ്മിന്‍സ്, നഥാന്‍ ലിയോണ്‍ എന്നിവര്‍ നാല് വീതം വിക്കറ്റുകള്‍ വീഴ്ത്തി ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടി. രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് നിരയില്‍ ആര്‍ക്കും അര്‍ധ സെഞ്ചുറി നേടാന്‍ സാധിച്ചില്ല. ഒന്നാം ഇന്നിങ്‌സില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 393 റണ്‍സ് ആയി നില്‍ക്കുമ്പോള്‍ ഇംഗ്ലണ്ട് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്‌സില്‍ 386 റണ്‍സിന് ഓള്‍ഔട്ടായി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :