ഗോൾഡ ഡിസൂസ|
Last Modified ബുധന്‍, 6 നവംബര്‍ 2019 (10:54 IST)
ബംഗ്ലദേശിനെതിരായ ഒന്നാം ട്വന്റി20യിലെ പിഴവുകളുടെ പേരിൽ കടുത്ത വിമർശനങ്ങളേറ്റു വാങ്ങിയ റിഷഭ് പന്തിനു ഉപദേശവുമായി ഓസ്‌ട്രേലിയയുടെ മുന്‍ വെടിക്കെട്ട ബാറ്റ്‌സ്മാനും വിക്കറ്റ് കീപ്പറുമായ ആദം ഗില്‍ക്രിസ്റ്റ്. പന്തിനെ പരോക്ഷമായി വിമർശിച്ച ഗിൽ ചില തീരുമാനങ്ങളിൽ പന്തിനൊപ്പമാണ് നിൽക്കുന്നതെന്നും വ്യക്തമാക്കി.
ഇന്ത്യയുടെ ഇതിഹാസ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയുടെ പിന്‍ഗാമിയായി ടീമിലെത്തിയ ആളാണ് പന്ത്. പന്തിന്റെ മോശം പെർഫോമൻസ് അദ്ദേഹത്തിനെതിരെ കടുത്ത പ്രതിഷേധം ഉയരാൻ കാരണമായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പന്തിനു മികച്ച ഉപദേശവുമായി ഗിൽ രംഗത്തെത്തിയത്.
ഋഷഭ് പന്തിനുമേൽ അമിത സമ്മർദ്ദം അടിച്ചേൽപ്പിക്കുന്നത് ശരിയല്ലെന്ന് ഗിൽക്രിസ്റ്റ് അഭിപ്രായപ്പെട്ടു. പന്തിനെ ധോണിയുമായി താരതമ്യപ്പെടുത്തുന്നതും നീതിയല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മികച്ച പ്രകടനങ്ങളിലൂട്ര് ലോക ക്രിക്കറ്റിൽ തന്നെ സ്വന്തമായി ഒരു ഇരിപ്പിടം കണ്ടെത്തിയ ആളാണ് ധോണി. ആ ധോണിക്കൊപ്പം പന്തിനെപ്പോലൊരു തുടക്കക്കാരനിൽ നിന്നും ധോണിക്ക് സമാനമായ പെഫോമൻസ് പ്രതീക്ഷിക്കുന്നത് തന്നെ അബദ്ധമാണെന്ന് ഗിൽ അഭിപ്രായപ്പെട്ടു.
‘ഇന്ത്യൻ ആരാധകർ പന്തിനെ ധോണിയുമായി താരതമ്യപ്പെടുത്തുന്നതാണ് പ്രശ്നം. അമിത പ്രതീക്ഷ പലപ്പോഴും വിനയാകാറുണ്ട്. ളരെ ഉയർന്ന നിലവാരത്തിൽ കളിക്കുന്ന താരമാണ് ധോണി. എന്നെങ്കിലും ഒരിക്കൽ ആരെങ്കിലുമൊക്കെ അതേ നിലവാരത്തിലേക്ക് എത്തിയേക്കാം. ആ കാര്യത്തിൽ യാതോരു ഉറപ്പുമില്ല. അങ്ങനെയുള്ളപ്പോൾ പന്തിനെ എന്തിനാണ് ധോണിക്കൊപ്പം താരതമ്യം ചെയ്യുന്നത്?’.
‘ഋഷഭ് പന്തിനുള്ള എന്റെ ഉപദേശം ഇതാണ്; ധോണിയിൽനിന്ന് പഠിക്കാവുന്നിടത്തോളം കാര്യങ്ങൾ പഠിക്കുക. പക്ഷേ ധോണിയാകാൻ ശ്രമിക്കരുത്. അത് സാധ്യമല്ല. ഏറ്റവും മികച്ച പന്ത് ആകാൻ പരിശ്രമിക്കുക, അതിനായി കഠിനാധ്വാനം ചെയ്യുക’- ഗിൽ പറയുന്നു.