പന്തിനെ തള്ളാതെ രോഹിത്, ചോദിച്ച് വാങ്ങിയ തോൽ‌വിയെന്ന് ആരാധകർ!

ധോണിക്ക് ഒപ്പമെത്താൻ കഴിയുന്നില്ല, പിന്നെയല്ലേ പകരം? - പന്തിന്റെ ആനമണ്ടത്തരങ്ങൾ ഇങ്ങനെ

ചിപ്പി പീലിപ്പോസ്| Last Modified ചൊവ്വ, 5 നവം‌ബര്‍ 2019 (13:18 IST)
ബംഗ്ലദേശിനെതിരായ ആദ്യ ട്വന്റി20യിൽ തോൽ‌വി ചോദിച്ച് വാങ്ങുകയായിരുന്നുവെന്ന് ആരാധകർ. രോഹിത് ശർമയുടെ ക്യാപ്റ്റൻസിക്ക് ഏറ്റ ശക്തമായ തിരിച്ചടിയാണ് ഈ തോൽ‌വിയെന്നതും ശ്രദ്ധേയം. മോശം ഫീൽഡിങ്ങും ഡിആർഎസ് തീരുമാനങ്ങളെ ചൊല്ലിയുണ്ടായ ആശയക്കുഴപ്പവുമാണ് തോൽ‌വിക്ക് കാരണമെന്ന് ക്യാപ്റ്റൻ പറഞ്ഞു.

ഖലീൽ അഹ്മ്മദ് എറിഞ്ഞ 19–ആം ഓവറിൽ മുഷ്ഫിഖുറിനെ ബൗണ്ടറി ലൈനിൽ ക്രുനാൽ പാണ്ഡ്യ വിട്ടുകളഞ്ഞതും രണ്ടു റിവ്യു തീരുമാനങ്ങളിൽ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന്റെ തെറ്റായ നിർദേശങ്ങളും ബംഗ്ലദേശ് വിജയങ്ങൾക്ക് മാറ്റ് കൂട്ടി. എന്നാൽ മത്സരത്തിനു ശേഷം പന്തിനെ പൂർണമായും തള്ളാതെയായിരുന്നു രോഹിതിന്റെ മറുപടി. ഇത്ര വലിയ പിഴവ് വരുത്തിയിട്ടും രോഹിത് പന്തിനെ ചേർത്തുപിടിക്കുകയാണോ എന്നും ചോദ്യങ്ങൾ ഉയരുന്നുണ്ട്.

ഇന്ത്യയുടെ എക്കാലത്തേയും മികച്ച വിക്കറ്റ് കീപ്പറായ എംഎസ് ധോണിയുടെ പകരക്കാരനാണ് ഋഷഭ് പന്ത്. ധോണി കളമൊഴിയുമ്പോള്‍ യഥാര്‍ഥ പിന്‍ഗാമി പന്ത് ആയിരിക്കുമെന്ന് സെലക്ടര്‍മാര്‍ സൂചിപ്പിക്കുമ്പോഴും താരത്തിന്റെ ഇപ്പോഴത്തെ പ്രകടനം പഴയതിനേക്കാൾ പിന്നോട്ടാണ് പോകുന്നത്.

ഡിആര്‍എസ് റിവ്യൂവില്‍ ധോണിയെപ്പോലെ കണിശത മറ്റൊരു വിക്കറ്റ് കീപ്പര്‍ക്കുമില്ല. ധോണി വിക്കറ്റിന് പിന്നലുണ്ടെങ്കില്‍ ക്യാപ്റ്റന് ഡിആര്‍എസ്സില്‍ ആശങ്കയുണ്ടാകാറില്ല. എന്നാല്‍ പന്തിനെ ഇക്കാര്യത്തില്‍ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് ഒരിക്കൽ കൂടി തെളിയിച്ചു. ബംഗ്ലാദേശിനെതിരെ ഇന്ത്യ നല്‍കിയ ഡി ആർ എസ് പാഴായത് പന്തിന്റെ പിടിപ്പ് കേടുകൊണ്ടാണ്. ഇതോടെ, ധോണിക്ക് പകരമെന്നല്ല, ധോണിക്ക് ഒപ്പമെത്താൻ പോലും പന്ത് യോഗ്യനല്ലെന്ന് വീണ്ടും തെളിഞ്ഞിരിക്കുകയാണെന്ന് തല ഫാൻസ് പറയുന്നു.

ബംഗ്ലാദേശ് ബാറ്റിങ്ങിനിടെ സൗമ്യ സര്‍ക്കാരിന്റെ ബാറ്റില്‍ കൊണ്ടാണ് പന്ത് ഗ്ലൗസിലെത്തിയതെന്ന് പന്ത് അപ്പീല്‍ ചെയ്തു. അമ്പയര്‍ നോട്ടൗട്ട് വിധിച്ചതോടെ പന്തിനെ വിശ്വസിച്ച് ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഡിആര്‍എസ്സിന് നല്‍കുകയായിരുന്നു. റീപ്ലേയില്‍ പന്ത് ബാറ്റില്‍ ഉരസിയില്ലെന്ന് വ്യക്തമായതോടെ ഇന്ത്യയുടെ അപ്പീല്‍ പാഴാവുകയും ചെയ്തു. പന്ത് ചെയ്ത് പിഴവ് ഒന്ന് ഇതായിരുന്നു.

അതോടൊപ്പം, പന്തിനു സംഭവിച്ച മറ്റ് രണ്ട് അബദ്ധങ്ങളും ഇപ്പോൾ ക്രിക്കറ്റ് ലോകം ചർച്ചയാക്കുന്നുണ്ട്. മത്സരത്തില്‍ ബംഗ്ലാദേശിനെ ജയിപ്പിച്ച മുഷ്ഫിഖുര്‍ റഹീം രണ്ടുതവണ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയിരുന്നു. രണ്ടുതവണയും ഇന്ത്യ ഡിആര്‍എസ് നല്‍കിയില്ല. വിക്കറ്റ് കീപ്പറുമായി സംസാരിച്ചശേഷം രോഹിത് ഡിആര്‍എസ് വേണ്ടെന്നുവെക്കുകയായിരുന്നു. എന്നാല്‍, രണ്ടുതവണയും റഹീം പുറത്താണെന്ന് റിപ്ലേയില്‍ വ്യക്തമായി.

പന്തിന്റെ സ്ഥാനത്ത് ധോണി ആ‍യിരുന്നുവെങ്കിൽ ഈ പിഴവ് ഉണ്ടാകില്ലായിരുന്നുവെന്നും ഒരുപക്ഷേ, ബംഗ്ലാദേശ് കളിയിൽ അടിപതറിയേനെ എന്നുമുള്ള ചർച്ചകൾ ഇതിനോടകം സജീവമായി കഴിഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :