ധോണിയുടെ പിൻ‌ഗാമിയെ തേടി അലഞ്ഞ് സെലക്ഷൻ കമ്മിറ്റി, അത്ര സിമ്പിളല്ലെന്ന് ക്രിക്കറ്റ് ലോകം!

ചിപ്പി പീലിപ്പോസ്| Last Modified ശനി, 2 നവം‌ബര്‍ 2019 (10:23 IST)
ലോകകപ്പ് തോൽ‌‌വിക്ക് ശേഷം ഇന്ത്യയുടെ മുൻ നായകൻ മഹേന്ദ്രസിംഗ് ധോണി നീലക്കുപ്പായം അണിഞ്ഞിട്ടില്ല, ഇന്ത്യക്കായി ഒരു കളി പോലും കളിച്ചിട്ടില്ല. ഐ പി എല്ലിലെ റിഷഭ് പന്തിന്റെ അക്രമണോസുക ബാറ്റിംഗ് അദ്ദേഹത്തെ ദേശീയ ടീമിലേക്ക് നയിച്ചപ്പോൾ ഏവരും വിലയിരുത്തി ധോണിയുടെ പകരക്കാരൻ ഇവൻ തന്നെ എന്ന്.

വിക്കറ്റിനു പിന്നിൽ ധോണിക്ക് പകരമാകാൻ പന്ത് പര്യാപ്തമാണെന്ന് സെലെക്ടർമാർക്കും തോന്നിയതോടെ ഋഷഭ് പന്ത് ഇന്ത്യൻ ദേശീയ ടീമിലേക്ക് കടന്നുവന്നു. എന്നാൽ, ദേശീയ ടീമിലെ ഉത്തരവാദിത്ത്വങ്ങൾ എത്രത്തോളമുണ്ടെന്ന് പന്ത് മനസിലാക്കി തുടങ്ങിയിരിക്കുന്നു. പന്തിന്റെ തുടർച്ചയായ ബാറ്റിങ് പരാജയങ്ങൾ പരിശീലകരുടെപോലും വിമർശനങ്ങൾ ക്ഷണിച്ചുവരുത്തുന്നു. മോശം സ്കോറുകളെക്കാൾ അയാൾ പുറത്താകുന്ന രീതികളാണ് അവരെ കൂടുതൽ നിരാശരാക്കുന്നത്. ഇദ്ദേഹത്തെയാണോ കുശാഗ്രബുദ്ധിക്കാരനായ ധോണിയുടെ പിൻ‌മുറക്കാരൻ എന്ന് വിലയിരുത്തിയതെന്നോർത്ത് സെലക്ഷൻ കമ്മിറ്റിയും ഇപ്പോൾ നിരാശരാകുന്നുണ്ട്.

ഋഷഭ് പന്ത്, സഞ്ജു സാംസൺ, ഇഷാൻ കിഷൻ എന്നീ പേരുകളായിരുന്നു ഇന്ത്യൻ ടീമിന്റെ വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് ഇതുവരെ ഉയർന്നു കേട്ടിരുന്നത്. എന്നാൽ ഇപ്പോൾ ആ ലിസ്റ്റിൽ ഉയർന്ന് കേൾക്കുന്ന പുതിയ പേര് കെ എൽ രാഹുലിന്റേതാണ്. വിജയ് ഹസാരേ ട്രോഫിയില്‍ വിക്കറ്റ് കീപ്പറായി രാഹുലിന്‍റെ പ്രകടനം തൃപ്തികരമെന്നാണ് സെലക്ടമാരുടെ വിലയിരുത്തൽ. ഇത് ഭാവിയിൽ രാഹുലിനു ഗുണം ചെയ്തേക്കും.

വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് ഏകദിന, ട്വന്‍റി20 ഫോര്‍മാറ്റുകളിൽ പ്രഥമ പരിഗണന പന്തിനു തന്നെയാണ്. അതുകഴിഞ്ഞാൽ ഇഷാൻ കിഷനാണ്. രാഹുലിന്റെ നിലവിലെ പെർഫോമൻസ് സ്വാഗതാർഹമാണ്. ഈ ലിസ്റ്റിൽ ഏറ്റവും അവസാനമാണ് സഞ്ജുവിന്റെ പേര്.

ധോണിയെന്ന അതികായനു പകരക്കാരൻ ആകാൻ ഇവരിൽ ആരാകും കേമൻ എന്ന് ഇനിയും തെളിയിക്കേണ്ടതുണ്ട്. എന്നിരുന്നാലും ധോണിക്കൊപ്പമെത്താൻ കഴിയില്ലെന്നത് പച്ചയായ സത്യമാണ്. കൂർമബുദ്ധിക്കാരനായ ധോണിയുടെ ഒപ്പമെത്താൻ പോലും മറ്റ് നാല് പേർക്കും കഴിയില്ലെന്ന് ക്രിക്കറ്റ് ലോകവും ഒന്നടങ്കം പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :