അഭിറാം മനോഹർ|
Last Modified വ്യാഴം, 24 മാര്‍ച്ച് 2022 (15:06 IST)
പതിനഞ്ചാമത്
ഐപിഎൽ സീസൺ തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ചെന്നൈ സൂപ്പർ കിങ്‌സ് നായകസ്ഥാനത്ത് നിന്നും പിന്മാറി എംഎസ് ധോനി. ടീമിനെ കഴിഞ്ഞ ഐപിഎല്ലിൽ ചാമ്പ്യന്മാരാക്കിയതിന് ശേഷമാണ് ധോനിയുടെ പിന്മാറ്റം. ടീം നിലനിർത്തിയ സൂപ്പർ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയാകും ചെന്നൈയുടെ പുതിയ നായകൻ.
ചെന്നൈ സൂപ്പർ കിങ്‌സ് തന്നെയാണ് ഈ വിവരം ഔദ്യോഗികമായി അറിയിച്ചത്. ചെന്നൈ നായകനായി എത്തുന്ന മൂന്നാമത്തെ മാത്രം താരമാണ് രവീന്ദ്ര ജഡേജ. മഹേന്ദ്ര സിങ് ധോനിയെ കൂടാതെ സുരേഷ് റെയ്‌ന മാത്രമാണ് ചെന്നൈ നായകനായി കളിച്ചിട്ടുള്ളത്. 2012 മുതൽ
ചെന്നൈ ടീമിന്റെ ഭാഗമാണ് രവീന്ദ്ര ജഡേജ.
ചെന്നൈ നായകനായി 2008 മുതൽ 2021 വരെയുള്ള കാലഘട്ടത്തിൽ 213 മത്സരങ്ങളാണ് ധോനി കളിച്ചത്.
ഇതിൽ 130 മത്സരങ്ങൾ വിജയിച്ചപ്പോൾ 81 എണ്ണത്തിൽ പരാജയപ്പെട്ടു. 61.55 ആണ് ധോനിയുടെ കീഴിൽ ചെന്നൈയുടെ വിജയശതമാനം.
220 ഐപിഎൽ മത്സരങ്ങളിൽ നിന്നും 39.55 ശരാശരിയിൽ 4746 റൺസാണ് ധോനിയുടെ സമ്പാദ്യം. പുറത്താവാതെ 84 റൺസാണ് ഉയർന്ന സ്കോർ. 23 അർധസെഞ്ചുറികളാണ് ഐപിഎല്ലിൽ താരം സ്വന്തം പേരിൽ എഴുതിചേർത്തിയിട്ടുള്ളത്.