രേണുക വേണു|
Last Modified ബുധന്‍, 21 ജൂലൈ 2021 (08:31 IST)
ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ അവിശ്വസനീയ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ഒന്‍പത് വിക്കറ്റ് നഷ്ടപ്പെടുത്തി 275 റണ്‍സാണ് നേടിയത്. ഒന്നാം ഏകദിനത്തിലെ പോലെ ശ്രീലങ്കയുടെ സ്‌കോര്‍ പിന്തുടര്‍ന്ന് ജയിക്കാന്‍ സാധിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഇന്ത്യ ബാറ്റിങ് ആരംഭിച്ചത്. എന്നാല്‍, തുടക്കം മുതല്‍ ഇന്ത്യ തിരിച്ചടികള്‍ നേരിട്ടു. 193-7 എന്ന നിലയില്‍ എത്തിയപ്പോള്‍ ഇന്ത്യ തോല്‍വി ഉറപ്പിച്ചതാണ്. മുന്‍നിര ബാറ്റ്‌സ്മാന്‍മാരെല്ലാം കൂടാരം കയറി. ഓള്‍റൗണ്ടര്‍ മികവുള്ളവരും അത്ര വലിയ സംഭാവനകള്‍ നല്‍കാതെ പുറത്തായി. എന്നാല്‍, രക്ഷകനായി ദീപക് ചഹര്‍ ക്രീസില്‍ നിലയുറപ്പിച്ചു.
82 പന്തില്‍ ഏഴ് ഫോറും ഒരു സിക്‌സും സഹിതം 69 റണ്‍സെടുത്ത് ചഹര്‍ പുറത്താകാതെ നിന്നു. വാലറ്റത്ത് ഉപനായകന്‍ ഭുവനേശ്വര്‍ കുമാറിനെ ചേര്‍ത്തുപിടിച്ച് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. ഭുവനേശ്വര്‍ കുമാര്‍ 28 പന്തില്‍ നിന്ന് 19 റണ്‍സുമായി പുറത്താകാതെ നിന്നു. അവസാന ഓവറില്‍ അഞ്ച് ബോള്‍ ബാക്കിനില്‍ക്കെ മൂന്ന് വിക്കറ്റിന്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.
ഫാസ്റ്റ് ബൗളര്‍മാര്‍ക്കെതിരെ തുടക്കത്തില്‍ പ്രതിരോധത്തിലായ ദീപക് ചഹര്‍ എല്ലാ പ്രതിസന്ധികളെയും ക്ഷമയോടെ തരണം ചെയ്യുകയായിരുന്നു. കസൂന്‍ രജിതയുടെ ഷോര്‍ട്ട് ബോള്‍ ചഹറിന്റെ ഹെല്‍മറ്റില്‍ തട്ടി. ടീം ഫിസിയോ എത്തി ചഹറിന്റെ തല പരിശോധിച്ചു. ചഹര്‍ കളി തുടര്‍ന്നു. വിജയം വേണമെന്ന് ഉറപ്പിച്ചായിരുന്നു ചഹറിന്റെ ഓരോ നീക്കങ്ങളും. സിംഗിളുകള്‍ കണ്ടെത്തിയ പതുക്കെ പതുക്കെ വിജയത്തിലേക്ക് തുഴഞ്ഞു. ചില സമയത്ത് ബൗളര്‍മാരെ കണക്കിനു പ്രഹരിച്ചു. അതിനിടയില്‍ പേശീവലിവുമൂലം ചഹര്‍ ഗ്രൗണ്ടില്‍ വീണുപോയി. അപ്പോഴും ശ്രീലങ്കയുടെ മുന്നില്‍ അടിയറവ് പറയാന്‍ അയാള്‍ തയ്യാറല്ലായിരുന്നു. അവസാന നിമിഷം വരെ പോരാടാന്‍ ഉറച്ചുള്ള സമീപനമായിരുന്നു ചഹറില്‍ തുടക്കംമുതല്‍ കണ്ടത്. ഒടുവില്‍ അത് വിജയം കണ്ടു. ഇന്ത്യന്‍ നായകന്‍ വിരാട് കോലി അടക്കമുള്ളവര്‍ ശ്രീലങ്കന്‍ പര്യടനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഇന്ത്യന്‍ ടീമിനെയും ദീപക് ചഹറിന്റെ കലക്കന്‍ ഇന്നിങ്‌സിനെയും പ്രകീര്‍ത്തിച്ചു.