രേണുക വേണു|
Last Modified തിങ്കള്‍, 19 ജൂലൈ 2021 (09:56 IST)
ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ മികച്ച പ്രകടനമാണ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഇഷാന്‍ കിഷന്‍ നടത്തിയത്. ഇന്ത്യന്‍ ജഴ്‌സിയില്‍ ഇഷാന്റെ അരങ്ങേറ്റ മത്സരമായിരുന്നു ഇന്നലെ നടന്നത്. തുടക്കകാരന്റെ പതര്‍ച്ചകളൊന്നും ഇല്ലാതെ ബൗളര്‍മാര്‍ക്ക് മേല്‍ ആധിപത്യം പുലര്‍ത്താന്‍ ഇഷാന്‍ കിഷന് സാധിച്ചു.
42 പന്തില്‍ നിന്ന് എട്ട് ഫോറും രണ്ട് സിക്‌സും സഹിതം 59 റണ്‍സ് നേടിയാണ് ഇഷാന്‍ കിഷന്‍ പുറത്തായത്. ഇന്ത്യയുടെ വിജയത്തില്‍ ഇഷാന്‍ കിഷന്‍ നിര്‍ണായക പങ്ക് വഹിച്ചു. അരങ്ങേറ്റ മത്സരത്തില്‍ 140.48 സ്‌ട്രൈക് റേറ്റോടെ അര്‍ധ സെഞ്ചുറി നേടാന്‍ സാധിച്ചത് ഇഷാന്‍ കിഷന് തുണയായി. വിക്കറ്റ് കീപ്പര്‍ എന്ന നിലയിലും ഇഷാന്‍ കിഷന്‍ നല്ല പ്രകടനമാണ് നടത്തിയത്. ആദ്യ മത്സരത്തിലെ മികച്ച പ്രകടനം തുടര്‍ മത്സരങ്ങളിലും ഇഷാന്‍ കിഷന് തുണയാകും. അടുത്ത രണ്ട് ഏകദിനങ്ങളിലും ഇഷാന്‍ കിഷന്‍ ടീമില്‍ തുടരാനാണ് സാധ്യത. ഇതോടെ സഞ്ജു സാംസണ് ഏകദിനത്തില്‍ അവസരം നഷ്ടപ്പെടാനാണ് സാധ്യത.