ടെസ്റ്റ് കരിയര്‍ നിരാശപ്പെടുത്തുന്നു; ഞെട്ടിച്ച് ഡി കോക്കിന്റെ വിരമിക്കല്‍ പ്രഖ്യാപനം

രേണുക വേണു| Last Modified വെള്ളി, 31 ഡിസം‌ബര്‍ 2021 (09:16 IST)

ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ക്വിന്റണ്‍ ഡി കോക്ക് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത് ക്രിക്കറ്റ് ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചു. ഇന്ത്യയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക തോല്‍വി വഴങ്ങിയതിനു പിന്നാലെയാണ് ഡി കോക്ക് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. കുടുംബത്തിനൊപ്പം സമയം ചെലവഴിക്കാനാണു വിരമിക്കുന്നതെന്നാണു ഇരുപത്തൊന്‍പതുകാരനായ താരത്തിന്റെ വിശദീകരണം. ആദ്യത്തെ കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് ഡികോക്ക് ഇന്ത്യയ്ക്കെതിരായ രണ്ടും മൂന്നും ടെസ്റ്റുകളില്‍ കളിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി താരത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനം.

ടെസ്റ്റില്‍ നിന്ന് മാത്രമാണ് ഡി കോക്ക് വിരമിച്ചിരിക്കുന്നത്. ഏകദിന, ട്വന്റി 20 ഫോര്‍മാറ്റുകളില്‍ താരം ദക്ഷിണാഫ്രിക്കയ്ക്കായി കളിക്കുന്നത് തുടരും. 2014ല്‍ ഓസ്‌ട്രേലിയയ്ക്കെതിരെയായിരുന്നു ഡി കോക്കിന്റെ ടെസ്റ്റ് അരങ്ങേറ്റം. ഇതുവരെ 54 ടെസ്റ്റുകള്‍ കളിച്ച ഡികോക്ക് 3300 റണ്‍സ് നേടിയിട്ടുണ്ട്. 38.82 ശരാശരിയില്‍ ആറു സെഞ്ചുറികള്‍ സഹിതമാണ് ഇത്. ടെസ്റ്റ് കരിയറില്‍ താരം പൂര്‍ണ തൃപ്തനല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ടെസ്റ്റ് കരിയര്‍ നിരാശപ്പെടുത്തുന്നതിനാലാണ് ഡി കോക്കിന്റെ വിരമിക്കല്‍ പ്രഖ്യാപനമെന്നും വാര്‍ത്തകളുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :