ടി20 ക്രിക്കറ്റിന്റെ അമരത്ത് ക്രിസ് ഗെയ്‌ൽ, നേട്ടങ്ങൾ ഏറെയും ആർസി‌ബിക്കൊപ്പം

അഭിറാം മനോഹർ| Last Modified ബുധന്‍, 14 ജൂലൈ 2021 (15:04 IST)
നാൽപ്പത്തിയൊന്നാം വയസിലും ടി20 ക്രിക്കറ്റിൽ എതിരാളികൾക്ക് സ്വപ്‌നം കാണാൻ പോലുമാവാത്ത നേട്ടങ്ങൾ സ്വന്തമാക്കികൊണ്ട് സ്വപ്‌നക്കുതിപ്പ് നടത്തുകയാണ് വിൻഡീസ് ഇതിഹാസതാരമായ ക്രിസ് ഗെയ്‌ൽ. മുപ്പതുകളുടെ അവസാനം ക്രിക്കറ്റ് കരിയർ അവസാനിപ്പിക്കുന്ന തന്റെ സമകാലീനരിൽ നിന്നും വ്യത്യസ്‌തമായി ഇന്നും തീ പാറുന്ന പ്രകടനമാണ് ഈ കരീബിയൻ നാല്പതുകളിലും ഗ്രൗണ്ടിൽ കാഴ്‌ച്ചവെയ്ക്കുന്നത്.

ഓസീസിനെതിരായ ടി20 പരമ്പരയിലെ മൂന്നാമത്തെ മത്സരത്തോടെ ടി20യിൽ 14,000 റൺസ് എന്ന നാഴികകല്ല് കൂടി പിന്നിട്ടിരിക്കുകയാണ്. ഇത് കൂടാതെ ടി20 ക്രിക്കറ്റിലെ ഒട്ടനേകം റെക്കോഡുകൾ താരത്തിന്റെ പേരിലാണ്. ഇതിൽ ഏറെയും സ്വന്തമാക്കിയതാവട്ടെ ഐപിഎല്ലിൽ ആർസി‌ബി ജേഴ്‌സിയിലും.

2010ലെ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു വേണ്ടി കളിക്കവെയായിരുന്നു ഗെയ്ല്‍ കരിയറിലെ ആദ്യത്തെ നാഴികക്കല്ലായ 1000 റണ്‍സ് പിന്നിടുന്നത്. 35 ഇന്നിങ്സുകളിൽ നിന്നായിരുന്നു ഗെയ്‌ലിന്റെ നേട്ടം. തുടർന്ന് ആർസി‌ബിയിലെത്തിയ ഗെയ്‌ൽ ബാംഗ്ലൂർ ജേഴ്‌സിയിൽ ആയിരിക്കുമ്പോളാണ് 2000,3000,5000,6000,7000 എന്നീ നാഴികകല്ലുകൾ പിന്നിട്ടത്. 2013 ഐപിഎല്ലിൽ പൂനൈ വാരിയേഴ്‌സിനെതിരെ ബാംഗ്ലൂർ ജേഴ്‌സിയിൽ നടത്തിയ 175 റൺസിന്റെ പ്രകടനമാണ് ഗെയ്‌ലിന്റെ ഉയർന്ന സ്കോർ.

2016ൽ ആർസിബി കുപ്പായത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനൊപ്പമായിരുന്നു ഗെയ്‌ൽ ടി20യിലെ 9,000 റൺസ് എന്ന നാഴികകല്ല് പിന്നിട്ടത്. തൊട്ടടുത്ത വര്‍ഷം ആര്‍സിബിക്കൊപ്പം തന്നെ ഗുജറാത്ത് ലയണ്‍സിനെതിരായ കളിയില്‍ 10,000 റണ്‍സെന്ന നാഴികക്കല്ലും ഗെയ്ല്‍ പിന്നിട്ടു. 285 ഇന്നിങ്‌സുകളിലായിരുന്നു അദ്ദേഹം അഞ്ചക്കത്തിലേക്കെത്തിയത്.

അതേസമയം 10,000റൺസിന് ശേഷം ഗെയ്‌ലിന്റെ സുപ്രധാന നേട്ടങ്ങൾ ഒന്നും തന്നെ ഐപിഎല്ലിൽ നിന്നില്ല. ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിനിടെയാണ് ഗെയ്‌ൽ 11,000 റൺസ് കണ്ടെത്തുന്നത്. 12,000 റൺസ് അഫ്‌ഗാൻ പ്രീമിയർ ലീഗിൽ നേടിയപ്പോൾ 19ലെ കരീബിയന്‍ പ്രീമിയര്‍ ലീഗിലാണ് യൂനിവേഴ്‌സല്‍ ബോസ് 13,000ത്തിലെത്തുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :