കൂടുതൽ കോർണർ അടിച്ച ഇംഗ്ലണ്ടിനല്ലെ കപ്പ് കൊടുക്കേണ്ടത്? ഇംഗ്ലണ്ടിനെ ട്രോളി ന്യൂസിലൻഡ് ക്രിക്കറ്റ് താരങ്ങൾ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 12 ജൂലൈ 2021 (14:54 IST)
യൂറോകപ്പ് ഫൈനലിന്റെ ഷൂട്ടൗട്ടിൽ പരാജയപ്പെട്ട് ഇംഗ്ലണ്ട് ഫുട്ബോൾ ടീമിനെ ട്രോളി ന്യൂസിലൻഡ് ക്രിക്കറ്റ് താരങ്ങൾ. ന്യൂസീലന്റ് ക്രിക്കറ്റ് താരം ജിമ്മി നീഷാമും മുന്‍താരവും കമന്റേറ്ററുമായ സ്‌കോട്ട് സ്‌റ്റൈറിസുമാണ് ട്വിറ്ററിലൂടെ പരിഹാസവുമായി രംഗത്തുവന്നത്. 2019 ക്രിക്കറ്റ് ലോകകപ്പിലെ ന്യൂസിലൻഡിന്റെ പരാജയവുമായി ബന്ധപ്പെടുത്തിയാണ് താരങ്ങളുടെ ട്വീറ്റ്.

എന്തിനാണ് പെനാൽറ്റി ഷൂട്ടൗട്ട് നടത്തിയത്. മത്സരത്തിൽ ഏറ്റവും കൂടുതൽ പാസ് നൽകിയ ടീമിനെ വിജയിയായി തീരുമാനിച്ചാൽ പോരെ എന്നായിരുന്നു ന്യൂസിലൻഡ് താരമായ ജിമ്മി നീഷാമിന്റെ ട്വീറ്റ്. ഇതൊരു തമാശയായി മാത്രം കാണണമെന്നും നീഷാം കുറിച്ചിട്ടുണ്ട്.

എനിക്ക് ഒന്നും മനസിലാകുന്നില്ല. ഇംഗ്ലണ്ടിനല്ലെ കൂടുതൽ കോർണർ കിട്ടിയത് അപ്പോൾ കപ്പും അവർക്ക് തന്നെ കൊടുക്കേണ്ടേ എന്നാണ് സ്കോട്ട് സ്റ്റൈറിസിന്റെ ട്വീറ്റ്.

ലോർഡ്സിൽ 2019 ജൂലൈ 14-ന് നടന്ന ഫൈനലില്‍ ഇംഗ്ലണ്ടും ന്യൂസീലന്റും ഒരേ സ്‌കോര്‍ നേടിയതോടെ മത്സരം സൂപ്പര്‍ ഓവറിലേക്ക് നീണ്ടിരുന്നു. എന്നാൽ സൂപ്പർ ഓവറും സമനിലയിലായതോടെ മത്സരത്തിൽ ഏറ്റവും കൂടുതൽ ബൗണ്ടറികൾ നേടിയ ഇംഗ്ലണ്ടിനെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു. ഇത് മനസ്സിൽ വെച്ച് കൊണ്ടാണ് ന്യൂസിലൻഡ് താരങ്ങളുടെ ട്വീറ്റ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :