അഭിറാം മനോഹർ|
Last Modified ബുധന്‍, 14 ജൂലൈ 2021 (09:53 IST)
അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 14 ഏകദിന സെഞ്ചുറികൾ സ്വന്തമാക്കുന്ന താരമെന്ന റെക്കോഡ് സ്വന്തമാക്കി പാകിസ്ഥാൻ നായകൻ ബാബർ അസം. 81 ഇന്നിങ്സുകളിൽ നിന്നാണ് താരം 14 സെഞ്ചുറികൾ നേടിയത്.
ഓസീസ് വനിതാ താരം മെഗ് ലാനിംഗ് (82)നെയാണ് ബാബർ അസം മറികടന്നത്.
പുരുഷ താരങ്ങളിൽ 84 ഇന്നിങ്സുകളിൽ നിന്നും 14 സെഞ്ചുറികൾ സ്വന്തമാക്കിയിട്ടുള്ള ദക്ഷിണാഫ്രിക്കൻ താരം ഹാഷിം അംലയാണ് ബാബറിന് തൊട്ടുപിന്നിലുള്ളത്. ഓസീസ് താരം ഡേവിഡ് വാർണർ (98), ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി (103) എന്നിവരാണ് അടുത്ത രണ്ട് സ്ഥാനങ്ങളിൽ. ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിൽ 158 റൺസെടുത്താണ് അസം പുറത്തായത്. അസമിൻ്റെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ ആണിത്. ഇംഗ്ലണ്ടിനെതിരെ പാകിസ്താൻ താരത്തിൻ്റെ ഉയർന്ന സ്കോറും ഇതാണ്.
ഒരു പാകിസ്താൻ നായകന്റെ ഉയർന്ന സ്കോർ. ഇംഗ്ലണ്ടിനെതിരെ ഒരു നായകൻ നേടുന്ന ഉയർന്ന സ്കോർ എന്നീ റെക്കോഡുകളും മത്സരത്തിൽ ബാബർ കുറിച്ചു.104 പന്തുകളിലാണ് ബാബർ സെഞ്ചുറി തികച്ചത്. പിന്നീട് കൂറ്റൻ ഷോട്ടുകൾ കളിച്ച താരം 139 പന്തുകളിൽ 158 റൺസെടുത്ത് പുറത്താവുകയായിരുന്നു.