രേണുക വേണു|
Last Modified ശനി, 11 നവംബര്‍ 2023 (08:21 IST)
പാക്കിസ്ഥാനെ പൂര്‍ണമായി എഴുതി തള്ളുകയൊന്നും വേണ്ടെന്ന് നായകന്‍ ബാബര്‍ അസം. ഇന്ന് നടക്കാനിരിക്കുന്ന ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ കൂറ്റന്‍ ജയം സ്വന്തമാക്കിയില്ലെങ്കില്‍ പാക്കിസ്ഥാന്‍ സെമി ഫൈനല്‍ കാണാതെ പുറത്താകും. എന്നാല്‍ സെമിയില്‍ എത്താന്‍ തങ്ങള്‍ നൂറ് ശതമാനം പോരാട്ടവീര്യം കാഴ്ചവെയ്ക്കുമെന്നാണ് ബാബര്‍ പറയുന്നത്.
ആദ്യം ബാറ്റ് ചെയ്യുകയാണെങ്കില്‍ 287+ റണ്‍സിനോ രണ്ടാമത് ബാറ്റ് ചെയ്യുകയാണെങ്കില്‍ 284 ബോള്‍ ശേഷിക്കെയോ ജയിച്ചാല്‍ മാത്രമേ പാക്കിസ്ഥാന് ഇനി സെമിയില്‍ എത്താന്‍ സാധിക്കൂ. ടോസ് ലഭിച്ച് ആദ്യം ബാറ്റ് ചെയ്യുകയും 450 റണ്‍സെങ്കിലും അടിച്ചെടുക്കുകയുമാണ് പാക്കിസ്ഥാന്റെ മുന്നിലുള്ള മാര്‍ഗം. പിന്നീട് ഇംഗ്ലണ്ടിനെ 163 റണ്‍സിന് മുന്‍പ് ഓള്‍ഔട്ട് ആക്കുകയും വേണം. ഇത് തങ്ങള്‍ക്ക് സാധ്യമാണെന്ന് ബാബര്‍ പറയുന്നു.
' ക്രീസിലെത്തി കണ്ണുമടച്ച് അടിക്കാനൊന്നും പറ്റില്ല. ഇതിനു കൃത്യമായ പ്ലാനിങ് വേണം. ആദ്യ പത്ത് ഓവര്‍ എങ്ങനെ കളിക്കണം, പിന്നീടുള്ള 20 ഓവര്‍ എങ്ങനെ കളിക്കണം, എങ്ങനെ ലക്ഷ്യത്തിലെത്തണം എന്നതിനെ കുറിച്ചൊക്കെ കൃത്യമായ പദ്ധതി ആവശ്യമാണ്. ഫഖര്‍ സമാന്‍ ഒരു 20-30 ഓവര്‍ കളിക്കുകയാണെങ്കില്‍ ഞങ്ങള്‍ക്കിത് നേടാന്‍ സാധിക്കും. പിന്നീട് റിസ്വാനും ഇഫ്തിഖറും ഉണ്ട്. ഞങ്ങള്‍ക്കിത് ചെയ്യാം, അതിനായി ഞങ്ങള്‍ പദ്ധതിയിട്ടിട്ടുണ്ട്,' ബാബര്‍ പറഞ്ഞു.