രേണുക വേണു|
Last Modified വെള്ളി, 10 നവംബര്‍ 2023 (08:46 IST)
World Cup Semi Final Line Up: ഏകദിന ലോകകപ്പ് സെമി ഫൈനല്‍ ലൈനപ്പായി. ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ അഞ്ച് വിക്കറ്റ് ജയം സ്വന്തമാക്കിയതോടെ ന്യൂസിലന്‍ഡ് നാലാം സ്ഥാനം ഉറപ്പിച്ചു. അഞ്ചും ആറും സ്ഥാനത്തുള്ള പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും സെമി കാണാതെ പുറത്തേക്ക്. പാക്കിസ്ഥാന് സെമിയില്‍ എത്തണമെങ്കില്‍ അഞ്ച് ശതമാനം സാധ്യത പോലും നിലനില്‍ക്കുന്നില്ല. ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ഒന്നുകില്‍ ആദ്യം ബാറ്റ് ചെയ്ത് 287+ റണ്‍സ് മാര്‍ജിനില്‍ ജയം സ്വന്തമാക്കണം. അല്ലെങ്കില്‍ ഇംഗ്ലണ്ടിനെ 50 റണ്‍സിന് ഓള്‍ഔട്ടാക്കി വെറും 15 പന്തില്‍ അത് മറികടക്കണം. ഈ രണ്ട് സാധ്യതകള്‍ അല്ലാതെ പാക്കിസ്ഥാന് മുന്നില്‍ കുറുക്കുവഴികളൊന്നും ഇല്ല. അഫ്ഗാനിസ്ഥാന് കാര്യങ്ങള്‍ ഇതിനേക്കാള്‍ കടുപ്പമാണ്.
നവംബര്‍ 15 ന് മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് ആദ്യ സെമി. പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായ ഇന്ത്യ നാലാം സ്ഥാനക്കാരായ ന്യൂസിലന്‍ഡിനെ നേരിടും. നവംബര്‍ 16 ന് നടക്കുന്ന രണ്ടാം സെമിയില്‍ ഓസ്‌ട്രേലിയയ്ക്ക് എതിരാളികള്‍ ദക്ഷിണാഫ്രിക്കയാണ്. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലാണ് മത്സരം. നവംബര്‍ 19 ഞായറാഴ്ചയാണ് ഫൈനല്‍.